ഉടമ അറിഞ്ഞില്ല, പൊലീസ് അറിഞ്ഞു: മോഷണം പോയ ബെെക്ക് ഉടമ അറിയുന്നതിനു മുമ്പ് കണ്ടെത്തി പൊലീസ്

single-img
12 October 2020

ബൈക്ക് മോഷണം പോയത് ഉടമ അറിയുന്നതിനു മുമ്പു തന്നെ കണ്ടെത്തി കേരള പൊലീസ്. പച്ചാളം സ്വദേശി ജെസ് ഡി ഫ്രാന്‍സിസിന്റെ ബൈക്കാണ് മോഷണം പോയി മിനിട്ടുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത്. മണിക്കൂറുകൾക്കു ശേഷം ബെെക്ക് മോഷണം പോയ കാര്യം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോഴാണ് ബെെക്ക് പിടിയിലായ കാര്യവും ജെസ് അറിയുന്നത്. 

ജെസിൻ്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രാത്രിയാണ് മോഷണം പോയത്. ബെെക്കുമായി പോയ മോഷ്ടാക്കൾ എറണാകുളം നോര്‍ത്ത് പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിലാണ് ചെന്നുപെട്ടത്. പൊലീസിൻ്റെ പിടിയിലാകാതിരിക്കാന്‍ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

പൊലീസ് ബൈക്ക് സ്‌റ്റേഷനിലെത്തിച്ചു. രാവിലെ ഏഴിന് പുറത്തിറങ്ങാന്‍ നേരത്താണ് ബൈക്ക് മോഷണം പോയ വിവവരം ജെസ് അറിയുന്നത്. ഉടന്‍തന്നെ വിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലും നോര്‍ത്ത് സ്‌റ്റേഷനിലും അറിയിച്ചു. നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ നോര്‍ത്ത് പൊലീസ്, പതിനഞ്ച് മിനിട്ടിനുള്ളില്‍ ജെസിനെ തിരികെ വിളിച്ചു. ബൈക്ക്‌ സ്‌റ്റേഷനിലുണ്ടെന്നും രേഖകളുമായി വന്നാല്‍ കൊണ്ടുപോകാമെന്നും പൊലീസ് അറിയിച്ചു. 

തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ജെസ് ബൈക്ക് കൊണ്ടുപോയി. പൊലീസിന്റെ രാത്രി പരിശോധനയാണ് തന്റെ ബൈക്ക് തിരികെ കിട്ടാന്‍ സഹായിച്ചതെന്ന് ജെസ് പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.