കാപ്പന്റെ ഭീഷണി, സിപിഎം ഫോർമുല തള്ളി എൻസിപി; വിലപേശൽ തന്ത്രമെന്ന് ജോസ് കെ മാണി വിഭാഗം

single-img
12 October 2020

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സീറ്റ് വിഷയത്തിൽ സിപിഐയുടെ കടുംപിടുത്തം അയഞ്ഞപ്പോൾ പാലായിൽ സിപിഎം ഫോർമുല തള്ളി എൻസിപി. ജോസ് കെ മാണി വിഭാഗത്തിന് ഏഴോ എട്ടോ സീറ്റുകൾ നൽകാമെന്ന ധാരണയ്ക്കിടെ, പാലാ എൻസിപിയും കാഞ്ഞിരപ്പള്ളി സിപിഐയും വിട്ടു കൊടുക്കുക എന്ന ഫോർമുലയാണ് മുന്നോട്ടു വച്ചത്. കാഞ്ഞിരപ്പള്ളി പരാജയപ്പെട്ട സീറ്റായതിനാലാണ് സിപിഐ, സിപിഎമ്മിന് വഴങ്ങുന്നതെന്നും ജയിച്ച സീറ്റ് വിട്ട് കൊടുക്കുന്ന തനിക്ക് നഷ്ടപരിഹാരം വേണമെന്ന വാശിയിലാണ് കാപ്പനെന്നും വിലയിരുത്തലുണ്ട്. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന എൻസിപിയുടെ നിലപാട്, വിലപേശൽ തന്ത്രമാണെന്ന് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും പറയുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം മാണി സി കാപ്പൻ എൽഡിഎഫ് വിടുമെന്ന് ഭീഷണി മുഴക്കിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു. ഏറ്റുമാനൂർ, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂർ, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളിൽ സിപിഎം ആണ് ജയിച്ചത്. തിരുവല്ലയിൽ ജനതാദൾ, കുട്ടനാട്ടിൽ എൻസിപി എന്നീ ഇടതു കക്ഷികൾ ജയിച്ചപ്പോൾ പൂഞ്ഞാർ പിസി ജോർജ് വിജയിച്ചു. എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടുത്തിയത് സിപിഐയെയെയാണ്. ഈ സീറ്റിൽ ആദ്യം നടത്തിയ കടുംപിടുത്തം സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സിപിഐയ്ക്ക് ഇല്ല.

കേരള കോൺഗ്രസ് (എം) ജയിച്ച സീറ്റുകളിൽ പാലാ, ഉപതെരഞ്ഞെടുപ്പിലാണ്‌ ഇടതുമുന്നണിക്കു വേണ്ടി എൻസിപി നേടിയത്. എന്നാൽ, മാണി സാറിന്റെ പാലായില്ലാതായാൽ അസ്തിത്വം ചോദ്യം ചെയ്യപ്പെടും എന്നും തങ്ങളുടെ പാർട്ടിയുടെ പ്രസ്റ്റീജ് സീറ്റ് തങ്ങൾക്കു തന്നെ തരേണ്ടത് ധാർമ്മികതയുടെ പ്രശ്നമാണെന്നും ജോസ് വിഭാഗം വ്യക്തമാക്കി. ഇനി ഒരു തെരഞ്ഞെടുപ്പിൽ പൂർണ വിജയസാധ്യതയുള്ള സീറ്റാണത്; അത് ലഭിക്കാതെ അണികളെ കൂടെ നിർത്താനാകില്ലെന്ന് ജോസ് വിഭാഗം സിപിഎം നേതാക്കളോട് പറഞ്ഞതായി അറിയുന്നു. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍ ജയരാജ് എംഎൽഎയും പ്രതികരിച്ചു. പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയ വികാരമാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്.

എൻസിപിക്ക് രാജ്യസഭാസീറ്റ് നൽകി മാണി സി കാപ്പനെ അനുനയിപ്പിക്കാനായിരുന്നു സിപിഎം നിർദ്ദേശം. ‘എകെ ശശീന്ദ്രനും ടിപി പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ആദ്യം കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മാണി സി കാപ്പന്റെ ഭീഷണി മൂലമാണ് എൻസിപി പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം നടത്തിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ മുരളീധരൻ എൻസിപിയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം നേതാക്കളുടെയും എതിർപ്പിനെ തുടർന്ന് അത് നടന്നിരുന്നില്ല. ഒടുവിൽ എൻസിപി വിട്ട് മുരളീധരൻ കോൺഗ്രസിൽ ചേരുകയായിരുന്നു. ഇടതുപക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യുമെന്ന് ഇപ്പോൾ എൻസിപി സംസ്ഥാന പ്രസിഡന്റ് പറയുമ്പോഴും പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പറയുന്നതിൽ നിന്ന് കാര്യം വ്യക്തമാകും.’എന്ന് പേര് വെളിപ്പെത്താൻ ആഗ്രഹമില്ലാത്ത ജോസ് വിഭാഗം നേതാവ് ഇ വാർത്തയോട് പറഞ്ഞു.