`ജനങ്ങളെ പ്രവർത്തകർ സംരക്ഷിക്കും´: കലാപസാഹചര്യം മുൻനിർത്തി ബിജെപി പ്രവര്‍ത്തകരുടെ സഹായം തേടി യോഗി ആദിത്യനാഥ്

single-img
9 October 2020

കലാപം ഉണ്ടാകാനുള്ള സാഹചര്യം മുന്‍ നിര്‍ത്തി ബിജെപി പ്രവര്‍ത്തകരുടെ സഹായം തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിക്കപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചൊവ്വാഴ്ച വിര്‍ച്വല്‍ മീറ്റിംഗ് നടത്തിയത്. കലാപം ഉണ്ടായാല്‍ ജനങ്ങളെ  സംരക്ഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

ഹഥ്രാസ് സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, 2013 മുസാഫര്‍നഗര്‍ കലാപത്തിന് സമാനമായ രീതിയില്‍ വര്‍ഗ്ഗീയ കലാപം ഇളക്കി വിടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നിര്‍ദേശം. ബിജെപി എംഎല്‍എ വീരേന്ദ്ര സിംഗ് സിരോഹിയുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ നവംബര്‍ 3 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

പശ്ചിമ ഉത്തര്‍പ്രദേശിലുള്ളവര്‍ മുസാഫര്‍നഗര്‍ കലാപം മറക്കരുതെന്നും യോഗി പറഞ്ഞു. മുസാഫർനഗർ കലാപം  മുന്‍ നിര്‍ത്തി കലാപത്തിന് ഒരുങ്ങുന്നവരില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വികസന വിരുദ്ധരെ തുറന്നു കാട്ടേണ്ടത് ആവശ്യമാണെന്നും വികസനത്തെ എതിര്‍ക്കുന്നവര്‍, കലാപത്തിന് കോപ്പു കൂട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.