തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഎം: ഏരിയാ, ലോക്കൽ സെക്രട്ടറിമാർ മത്സരിക്കില്ല

single-img
9 October 2020

കേരളം ഒരു തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്‌ പൂര്‍ത്തിയായതോടെ സ്‌ഥാനാര്‍ഥി നിര്‍ണയവുമായി സിപിഎം. രംഗത്തെത്തിക്കഴിഞ്ഞു. ഗ്രാമ, ബ്ലോക്ക്‌, ജില്ല, നഗരസഭ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ്‌ കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്‌. അനുയോജ്യമായ സ്‌ഥാനാര്‍ഥികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

വനിതാ സ്‌ഥാനാര്‍ത്ഥികളെ ആദ്യമേ കണ്ടെത്തി രംഗത്തിറക്കുകയാണ്‌ സിപിഎം ലക്ഷ്യം. പട്ടിക വിഭാഗ സ്‌ഥാനാര്‍ഥികളെ കണ്ടെത്തുന്നതിലും സിപിഎം നടപടികള്‍ പുരോഗമിക്കുകയാണ്. തദ്ദേശ സ്‌ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക്‌ കൂടി സംവരണ നറുക്കെടുപ്പ്‌ വരാനുണ്ട്‌. സ്വാഭാവികമായും പ്രമുഖ നേതാക്കള്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ മത്സരിക്കുന്ന കാര്യം അതുകഴിഞ്ഞേ തീരുമാനിക്കു. ഇപ്പോള്‍ ജനപ്രതിനിധികളായി തുടരുന്ന പലരും വീണ്ടും മത്സരരംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്നുള്ളതും വസ്തുതയാണ്. 

പുതുമുഖങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും സിപിഎം നടത്തുന്നുണ്ട്‌. ഇതിനായി കീഴ്‌ഘടകങ്ങള്‍ക്ക്‌ പ്രത്യേക മാര്‍ഗ രേഖ നല്‍കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ മത്സരരംഗത്തിറങ്ങുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും സംസ്‌ഥാന കമ്മിറ്റിയിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. 

ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്‌ഥാപന ഭരണം നിലനിര്‍ത്തുവാനോ പിടിച്ചെടുക്കാനോ അത്യാവശ്യമാണെങ്കിലേ ഇവര്‍ മത്സരിക്കാവു എന്നാണ് നിർദ്ദേശം. മത്സരിക്കാൻ ജില്ലാകമ്മിറ്റിയുടെ അനുമതിയും വേണം. യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നാണ് സിപിഎം നയം. രണ്ടില്‍ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചവര്‍ ഇക്കുറി ജനവിധി തേടേണ്ടെന്നും സര്‍ക്കുലര്‍ വ്യക്‌തമാക്കുന്നുണ്ട്. 

പഞ്ചായത്തുകളുടെ സ്‌ഥാനാര്‍ഥി പട്ടിക അതത്‌ ഏരിയാകമ്മിറ്റിയും കോര്‍പറേഷന്‍, നഗരസഭാ സ്‌ഥാനാര്‍ഥികളുടെ പട്ടിക ജില്ലാകമ്മിറ്റിയുമാണ്‌ അംഗീകരിക്കുക. നേരത്തേ സി.പി.എം നടത്തിയ ഗൃഹസന്ദര്‍ശനത്തിനിടയില്‍ ജനങ്ങളുയര്‍ത്തിയ പരാതികളും ആവശ്യങ്ങളും പരിഗണിച്ചാണ്‌ സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.