എല്‍ഡിഎഫ് പ്രവേശം: സഭാധ്യക്ഷന്മാരുടെ അനുവാദം തേടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം;’പൊതുതെരഞ്ഞെടുപ്പിൽ ജയസാധ്യത ഇടതുമുന്നണിക്ക്’

single-img
8 October 2020

ഇടതുമുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ അനുവാദം തേടി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. യുഡിഎഫ് തങ്ങളെ അകാരണമായി പുറത്തക്കിയതാണെന്നും ദീർഘകാലം ഒന്നിച്ച് പ്രവർത്തിച്ച തങ്ങളെ ചെന്നിത്തല അടക്കമുള്ളവർ അപമാനിച്ചുവെന്നും നേതാക്കൾ സഭാധ്യക്ഷന്മാരെ ബോധ്യപ്പെടുത്തി. 38 വർഷം ഒപ്പം നിന്ന പാർട്ടിയെ കോൺഗ്രസ്സ്, ഗൂഢാലോചനയിലൂടെയാണ് പുറത്താക്കിയതെന്ന വികാരം ജോസ് കെ മാണി പങ്കുവച്ചു. നിലവിലെ സാഹചര്യത്തിൽ, വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജയസാധ്യത ഇടതുമുന്നണിക്കാണെന്നും ജോസ് കെ മാണി വിശദീകരിച്ചതായി അറിയുന്നു.

യുഡിഎഫ് മുന്നണിയിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിലെ അച്ചടക്കത്തിന്‍റെ പേരിലാണ് തങ്ങൾക്കെതിരെ നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നുവെന്നാണ് ജോസ് വിഭാഗത്തിന്റെ വാദം.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെ ഇടതുമുന്നണി സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും എല്‍ഡിഎഫ് നേതൃത്വവുമായി കൈകോര്‍ക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായും ജോസ് വിഭാഗത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുള്ള പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിലുണ്ടായേക്കും എന്ന വാർത്തകൾ അവർ തള്ളി. കേരള കോണ്‍ഗ്രസിന്റെ ജന്മദിനം വെള്ളിയാഴ്ചയാണ്. അന്ന് പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗവും ചേരുന്നുണ്ട്. ഓണ്‍ലൈനായി ചേരുന്ന യോഗം പാർട്ടിയെ ശക്തിപ്പെടുത്തുന്ന നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങളും ചർച്ച ചെയ്യും.

കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി നേതാക്കൾ, വിവിധ ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരുമായി കഴിഞ്ഞ മാസം നടന്ന സൂം മീറ്റിങ്ങുകളിൽ ഉയർന്ന അഭിപ്രായങ്ങളുടെ അവലോകനവും ഉണ്ടാകും. തെരഞ്ഞെടുപ്പിനെ ആത്മാഭിമാനത്തിന്റെ പ്രശ്നമായി കണ്ടു നേരിടാമെന്ന സന്ദേശം അണികൾക്ക് നൽകുകയും അജണ്ടയിൽ ഉണ്ട്.

14 ജില്ലാ നേതൃയോഗവും നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനങ്ങളും ഇതിനകം കേരള കോൺഗ്രസ് (എം) സൂം മീറ്റിങ്ങുകളിലൂടെ പൂർത്തിയാക്കി. വാർഡ്തല യോഗം കൂടി പൂർത്തിയാകുന്നതോടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട ഒരുക്കങ്ങൾ ആദ്യം പൂർത്തിയാക്കുന്ന പാർട്ടിയായി ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് (എം) മാറും. സിപിഎമ്മാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്.