ഇത് ബിജെപിക്കാരുടെ കള്ളക്കണ്ണീർ; ഹാഥ്രസ് നുണ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ

single-img
7 October 2020

യുപിയിലെ ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കേസിൽ വ്യാജ പ്രചാരണവുമായി സംഘപരിവാർ. കമ്മ്യൂണിസ്റ്റ് കൊലയാളികളും കോൺഗ്രസുകാരുമാണ് ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പ്രചാരണം. പാറശാല -തമിഴ്നാട് അതിർത്തിയിൽ ബിജെപിക്കാർ വച്ച ഒരു ബോർഡിലാണ് നുണ പ്രചാരണത്തിന്റെ തുടക്കം. ഇത് പിന്നീട് സമൂഹ മാധ്യമത്തിലും പ്രചരിച്ചു.

തമിഴിൽ എഴുതിയിരിക്കുന്നതിന്റെ മലയാളം പരിഭാഷ ഇങ്ങനെ: “കണ്ണീർ അഞ്ജലി! ഉത്തർപ്രദേശിലെ ഹാഥ്രസിൽ കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് കൊലയാളികളാൽ ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് ബിജെപി കന്യാകുമാരി ജില്ലാ ഘടകം ആദാരാഞ്ജലി അർപ്പിക്കുന്നു.” (കണ്ണീർ അഞ്ജലി! ഉത്തർപ്രദേശ് മാനിലം ഹാഥ്രസിൽ കാൺഗ്രസ് മറ്റ്റും കമ്യൂണിസ്റ്റ് കയവർകളാൽ പടു കൊലൈ സെയ്യപ്പെട്ട ദളിത് ഇളം പെൺ സെൽവി മനീഷാ അവർകൾക്ക്‌ കണ്ണീർ അഞ്ചലിയെ കാണിക്കയാക്കി റോം; ഭാരതീയ ജനതാ കക്ഷി, കന്യാകുമാരി മാവട്ടം). എന്നാൽ മലയാളം പരിഭാഷയോടെ ഇപ്പോൾ ഹാഥ്രസ് നുണ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.

നേരത്തെ, ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രധിഷേധം ഉയർന്നപ്പോഴാണ് നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്.

ഹാഥ്രസ് സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം, യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും കരുതികൂട്ടി അക്രമമുണ്ടാക്കാനുമാണ് പ്രദേശത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നതെന്നാരോപിച്ച് ഹാഥ്രസ് വിഷയത്തിൽ പോലീസ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഭരണഘടന പൗരന് അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഞങ്ങള്‍ അവരോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത് അവരോടുള്ള സഹതാപം കൊണ്ടല്ല. അവള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടി, ഈ ഭരണഘടനയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി, ഈ വ്യവസ്ഥിതിയുടെ നീതിയ്ക്കുവേണ്ടി ഞങ്ങള്‍ പോരാടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്,’കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളുടെ ദേശീയ നേതാക്കൾ കുടുംബാംഗങ്ങളെ സന്ദർശിച്ചു. യെച്ചൂരിക്ക് പുറമെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാൽ യാദവ്, സിപിഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശർമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുടുംബത്തിന് വേണ്ടത് നീതിയാണെന്നും അത് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.