സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി അപലപനീയവും ജനാധിപത്യവിരുദ്ധവുമെന്ന് കോം ഇന്ത്യ

single-img
6 October 2020

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹാഥ്രസിലേക്ക് (Hathras) വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുവാനായി പോയ അഴിമുഖം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഡല്‍ഹി പ്രതിനിധി സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടി അത്യന്തം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ (COMIndia- Confederation of Online Media, India). രാജ്യാന്തര തലത്തിൽ പോലും ഏറെ നടുക്കമുണ്ടാക്കിയ കേസിൽ ശരിയായ അന്വേഷണത്തിന് പകരം മാധ്യമപ്രവർത്തകരെ പോലും കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേരറുക്കുന്ന നടപടിയാണിതെന്നും കോം ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യദ്രോഹ, തീവ്രവാദ മുദ്രചാര്‍ത്തി മാധ്യമപ്രവര്‍ത്തകരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന നടപടിക്കെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ്. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡിജിപി മാരോടും ആവശ്യപ്പെടുകയാണെന്നും കോം ഇന്ത്യയുടെ പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.

നിയമവിരുദ്ധവും ജനാധിപത്യ രഹിതവുമായ അറസ്റ്റിനു ഇരയാക്കപ്പെട്ട ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Content: COMIndia denounces the arrest of Azhimukham reporter Siddique Kappan by UP Police