ശബരിമല ദർശനം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം, ഒരുദിവസം ആയിരം പേർ മാത്രം; വിദഗ്ദ്ധസമിതി ശുപാർശ നൽകി

single-img
6 October 2020

ശബരിമല തീര്‍ഥാടനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണം. പമ്പയില്‍ സ്നാനം അനുവദിക്കരുതെന്നും സന്നിധാനത്തടക്കം ഒരിടത്തും താമസിക്കാന്‍ അനുവദിക്കരുതെന്നും സമിതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രതിദിനം ആയിരം തീര്‍ഥാടകരെയേ തുടക്കത്തില്‍ അനുവദിക്കാവൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരാകാം. പത്ത് വയസില്‍ താഴെയുള്ളവരെയും അറുപതിന് മുകളിലുള്ളവരെയും വിലക്കണം. അറുപതിനും അറുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കാം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കം കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ തീര്‍ഥാടകര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് മണ്ഡല–മകരവിളക്ക് തീര്‍ഥാടന നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈനായി ദര്‍ശനം അനുവദിക്കുന്നത് പരിഗണിക്കണം എന്ന് ശുപാർശയുണ്ടെങ്കിലും വിശ്വാസപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായമറിഞ്ഞ ശേഷമായിരിക്കും തീരുമാനം.