മാസ്ക് ധരിച്ച് ശബരിമല കയറരുത്, ഹൃദയാഘാതം വരെ സംഭവിക്കാം: മൂന്നറിയിപ്പ്

single-img
6 October 2020

ഇത്തവണ ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തർക്ക് കോവിഡ് വ്യാപനം മൂലം മാസ്‌ക് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ഗുരുതര മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ശ്വാസംമുട്ടലടക്കമുള്ള രോഗങ്ങളുള്ള ഭക്തർക്ക് മാസ്‌ക് വച്ച് മലകയറുന്നത് ഹൃദയാഘാതമടക്കുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 

പൂർണ ആരോഗ്യവാനായ ഒരാൾക്ക് പോലും മാസ്‌ക് ധരിച്ച് 25 മീറ്റർ മാത്രമെ മലകയറാനാകു. എന്നാൽ അഞ്ച് കിലോമീറ്ററോളം കുത്തനെ കാനനപാത താണ്ടിയാൽ മാത്രമേ ശബരിമലയിൽ എത്താൻ കഴിയുകയുള്ളു. ഈ സാഹചര്യത്തിൽ ഗുരുതരമായ സ്ഥിതി വിശമഷമായിരിക്കും ഇതുമൂലം ഉണ്ടാകുക. 

ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് നീലിമല കയറുമ്പോൾ മാസ്‌ക് ധരിക്കാതെ തന്നെ ശ്വാസം മുട്ടലുണ്ടാകാറുണ്ട്. ഇതിനാൽ ശബരീപാതയിൽ നിരവധി ഇടങ്ങളിൽ ഓക്സിജൻ പാർലറുകൾ ഒരുക്കിയിട്ടുമുണ്ട്. ഈ അവസ്ഥയിൽ മൂക്കും വായും മൂടി മാസ്‌ക് ധരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് മുന്നറിയിപ്പ്. 

വൃശ്ചികമാസത്തിന് മുന്നോടിയായി തുലാം മാസത്തിൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് പരീക്ഷാണാടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ചാൽ വളരെ വേഗം ക്ഷീണിക്കുന്നതിനാൽ ഇടയ്ക്കിടെ വിശ്രമം അനിവാര്യമായി വരും, ഇതിന് പുറമേ ആരോഗ്യ പ്രശ്നമുള്ളവരെ കൊവിഡ് കാലയളവിൽ ചികിത്സിക്കുന്നതും ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പടെ വെല്ലുവിളിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

 മാസ്‌ക് ഒഴിവാക്കിയുള്ള മലകയറ്റമാണ് ഭക്തരുടെ ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന ഉപദേശം.