അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

single-img
5 October 2020

ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴിയെടുത്തു. സംഗീത നാടക അക്കാദമി അപേക്ഷ നിരസിച്ച വിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതന്നാണ് രാമകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമാണ് രാമകൃഷ്ണന്‍. ഇന്നലെ രാത്രി 7 മണിയോടെയാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കേരള സംഗീത നാടക അക്കാദമി വേദി നിഷേധിച്ചുവെന്ന് രാമകൃഷ്ണൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

വേദി കൊടുക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണനെ കൈയൊഴിഞ്ഞിട്ടില്ലെന്നും കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത പറഞ്ഞു. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായത് കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓൺലൈൻ ക്ലാസിൽ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ പറയുന്നു.