യുപി പൊലീസ് കെട്ടിയ കോട്ട തകർത്ത് രാഹുലും പ്രിയങ്കയും: രാഹുൽ പറഞ്ഞതുപോലെ ഒരു ശക്തിക്കും തടയാനായില്ല

single-img
4 October 2020

ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമമാണ് വിജയത്തിലെത്തിയത്. വ്യാഴാഴ്ച ഹാഥ്‌രസിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ ശാരീരികമായാണ് യുപി പൊലീസ് നേരിട്ടത്. അദ്ദേഹത്തെ തള്ളി താഴെയിടനുള്ള ധെെര്യം വരെ അവർ കാട്ടി. 

ഈ പ്രദേശത്ത് നിരോധനാജ്ഞയാണെന്നും പുറത്തുനിന്ന് ആളുകളെത്തുന്നത് ക്രമസാമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വ്യാഴാഴ്ച യുപി പൊലീസ് രാഹുലിനെയും സംഘത്തെ തടഞ്ഞത്. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ നിയമം കയ്യിലെടുക്കാനില്ലെന്ന് വ്യക്തമാക്കി രാഹുലും പ്രിയങ്കയും അന്നു മടങ്ങുകയായിരുന്നു. പൊലീസ് നടപടിക്ക് എതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും ഒരുപോലെ വിമര്‍ശനമുയര്‍ന്നു.  

അന്ന് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടന്നു. രഹുൽ ഗാന്ധിക്ക് എതിരെയും അന്ന് വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് താന്‍ ഹാഥ്‌രസിലേക്ക് പോകുമെന്നും തന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. 

ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട കോണ്‍ഗ്രസ് സംഘത്തെ കാത്ത് യുപി അതിര്‍ത്തിയായ നോയിഡയില്‍ വലിയ പൊലീസ് സന്നാഹമാണ് നിരന്നത്. ബാരിക്കേഡുകള്‍ വെച്ച് റോഡ് പൂര്‍ണമായി അടച്ച പൊലീസ്, അതിര്‍ത്തിയില്‍വെച്ചു തന്നെ രാഹുലിനെയും സംഘത്തെയും തടഞ്ഞു. ഉച്ചയോടെ, പ്രിയങ്ക ഓടിച്ച കാറില്‍ രാഹുല്‍ നോയിഡയിലെത്തി. ഒപ്പം കോണ്‍ഗ്രസ് എംപിമാരും നേതാക്കളും ആയിരക്കണക്കിന് അണികളും. മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പൊലീസ് നിരയ്ക്ക് മുന്നില്‍ അണിനിരന്നതോടെ യുദ്ധസമാനമായ അന്തരീക്ഷം ഉടലെടുത്തു. 

കെ സി വേണുഗോപാലും ശശി തരൂരും അടക്കമുള്ള നേതാക്കള്‍ വാഹനങ്ങളില്‍ നിന്നിറങ്ങി തങ്ങളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങിയില്ല. സ്ഥിതി കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ പൊലീസ്, ഒടുവില്‍ നോയിഡ എസിപിയുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തുകയായിരുന്നു. 

തുടര്‍ന്ന അഞ്ചുപേര്‍ക്ക് മാത്രം പോകാമെന്ന വ്യവസ്ഥയില്‍ രാഹുലും സംഘവും യാത്ര തിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്‌നിക്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പും യാത്ര തിരിച്ചു. 

എന്നാല്‍ തങ്ങളെ കടത്തിവിടാത്ത യുപി പൊലീസിന് നേരെ പ്രവര്‍ത്തകര്‍ തിരിഞ്ഞതോടെ, സ്ഥിതി സംഘര്‍ഷത്തില്‍ കലാശിച്ചു. ദേശീയ പാതയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.