ഹത്രാസ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; ബിജെപി ഐ.ടി സെല്‍ തലവനെതിരെ നിയമനടപടി സ്വീകരിക്കും: ദേശീയ വനിതാ കമ്മീഷന്‍

single-img
4 October 2020

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

അമിത് മാളവ്യയ്ക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, നടി സ്വര ഭാസ്‌കര്‍, എന്നിവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയുമാണ് ഇത് സംഭവിച്ചത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇക്കാര്യം വ്യക്തമായാല്‍ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അവര്‍ അറിയിച്ചു. മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെപ്പറ്റി ക്യത്യമായ വിവരങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും രേഖ ശര്‍മ്മ പറയുന്നു.

ഈ മാസം രണ്ടിനാണ് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആദ്യം രംഗത്തെത്തിയത്. കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള സംഭാഷണമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.