ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് നുണപരിശോധന; പിതാവിനെ ഭീഷണിപ്പെടുത്തിയ മജിസ്ട്രേറ്റിനെതിരെ നടപടിയില്ല

single-img
3 October 2020

ഹത്രാസ് കേസിൽ പ്രതികളെ കൂടാതെ പെൺകുട്ടിയുടെ കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോട്ടിനെതിരെ ആക്ഷേപമുയർന്നിരുന്നു. ഹത്രാസിൽ‌ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ ശരീരത്തിൽ നിന്നും ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേർന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നുമാണ് റിപ്പോർട്ട്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷറിനെതിരെ ഇത് വരെ നടപടിയെടുത്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹത്രാസ് എസ്പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐടി സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കഴിഞ്ഞമാസം 14ന് പാടത്ത് പുല്ല് വെട്ടാനായി അമ്മയ്ക്കും സഹോദരനുമൊപ്പം പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി നാക്ക് അരിയുകയും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

സഹോദരൻ പുല്ലുമായി വീട്ടിലേക്ക് പോയപ്പോൾ അമ്മയും പത്തൊമ്പതുകാരിയും പാടത്ത് തന്നെ നിന്നു. അമ്മ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിലൂടെയെത്തിയ നാലംഗ സംഘം പെൺകുട്ടിയെ ഷാൾ കഴുത്തിൽ ചുറ്റി ബാജ്‌റ വിളകൾക്കിടയിലൂടെ വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയിലായ പെൺകുട്ടി കഴിഞ്ഞ മാസം 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.