നേതാക്കളും കുരുക്കിൽ: യുവ ഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ആശുപത്രിയിലെത്തിയ പ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്യും

single-img
3 October 2020

ആുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിന് പിന്നാലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. 

അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് കിളികൊല്ലൂര്‍ പൊലീസാണ് അന്വേഷണം തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളിലൂടെ ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ഐ എം എയും ബന്ധുക്കളും ആരോപിക്കുന്ന സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കുട്ടിമരിച്ചതിന് ശേഷം ഡോക്ടറുടെ മോബൈല്‍ ഫോണിലേക്ക് വന്ന കോളുകളും സൈബര്‍ സംഘം പരിശോധിക്കും. ഡോക്ടര്‍ ആത്മഹത്യചെയ്യുന്നതിന് തൊട്ടമുന്‍പ് ആശുപത്രിയിലെത്തിയ പ്രാദേശിക നേതാക്കളെ ചോദ്യംചെയ്യാാനും സാധ്യതയുണ്ട്. 

വരും ദിവസങ്ങളില്‍ ഡോക്ടറുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. കുട്ടി മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന ആരോപണം വന്നതിന് പിന്നാലെ ഡോക്ടറിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചരണം നടന്നിരുന്നു. ഇതിൽ അനൂപ് അസ്വസ്ഥനായിരുന്നു എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. അതിന് പിന്നാലെയാണ് അദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

അതിനിടെ കുട്ടിയുടെ മരണത്തേക്കുറിച്ചും അന്വേഷണം നടക്കും. ശസ്ത്രക്രിയക്ക് ഇടയില്‍ കുട്ടി മരിച്ച സംഭത്തില്‍ കൊല്ലം എ സി പിയാണ് അന്വേഷണം നടത്തുന്നത്.