മാസ്ക് മാത്രം പോരാ കടകളിൽ ഗ്ലൗസും നിർബന്ധം; ഇനി കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

single-img
3 October 2020

സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും അല്‍പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കും. കടകളില്‍ കൃത്യമായ ശാരീരിക അകലം പാലിക്കണം. പല സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ കയറാവൂ. മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. നേരത്തെ ഇതൊക്കെ പറഞ്ഞെങ്കിലും നടപ്പായില്ല. ഇനി അതിനു കഴിയില്ല. നടപടികൾ കർശനമാക്കും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ സംഖ്യ വർധിപ്പിക്കും. കടയിൽ ക്രമീകരണങ്ങൾ ചെയ്യേണ്ട ബാധ്യത കട ഉടമയ്ക്കാണ്. ക്രമീകരണം ഏർപ്പെടുത്തിയില്ലെങ്കിൽ കട അടച്ചുപൂട്ടും. ജനങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുത്തേ മതിയാകൂ.

കോവിഡ് ടെസ്റ്റുകൾ ഇനിയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളെ കണ്ടെത്തുന്നത് പ്രധാനമാണ്. നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചു പിടിക്കണം. ജാഗ്രത കുറച്ച് കൈമോശം വന്നതായി മുഖ്യമന്ത്രി പറ‍ഞ്ഞു. ആളുകൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിയുണ്ടായി. അത്തരം സാഹചര്യത്തിൽ നാടിനെ രക്ഷിക്കാനായി കൂടുതൽ കടുത്ത നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വേണം. ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.