സൂപ്പർ സ്പ്രെഡ് ഏതു നിമിഷവും സംഭവിക്കാം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


കേരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
അതേസമയം ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റെ സെൻ്ററുകളാണ്. മാത്രമല്ല ഈ മാസം പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണു സർക്കാരിനു ലഭിച്ച റിപ്പോർട്ടുകളും. അതുകൊണ്ടുതന്നെ സ്കൂൾ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
10,12 ക്ലാസ് വിദ്യാർഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങൾ പാലിച്ചു സ്കൂളിലെത്താൻ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.
കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. തിയേറ്ററുകളും മൾട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ലോക് ഡൗൺ നിയമങ്ങളിൽ ഇളവുനൽകിയത്.
നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും.
മാത്രമല്ല ഇന്നു മുതൽ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്ട്രേറ്റുമാർ 144 പ്രഖ്യാപിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെൻ്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണമുണ്ടാകുമെന്നു തന്നെയാണ് അധികൃതർ വ്യക്തമാക്കുന്നതും.