യുപിയിൽ കൊലപാതകങ്ങൾ തുടരുന്നു: പതിനൊന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടു

single-img
2 October 2020

കഴിഞ്ഞ ദിവസങ്ങളിൽ ഹത്രാസ്, ബല്‍റാംപുര്‍ സംഭവങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്കു നേരെ അതിക്രമം. പതിനൊന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടി അതിക്രൂരമായി  കൊല്ലപ്പെടുകയായിരുന്നു. ഭദോനിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 

പെണ്‍കുട്ടിയുടെ കുടുംബവുമായി കാലങ്ങളായി വൈരാഗ്യമുണ്ടായിരുന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് പറയുന്നു.

പ്രാഥമിക കൃത്യത്തിനായി വയലിലേക്ക് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചുടുകട്ടകൊണ്ട് തലഇടിച്ച് തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച 12.30 ഓടെയാണ് പെണ്‍കുട്ടി പാടത്തേക്ക് പോയത്. തിരിച്ചുവരാന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചുപോകുകയായിരുന്നു. മൂന്നു മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ അറിയിച്ചതെന്ന് പോലീസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പ്രദേശവാസികള്‍ തന്നെയായ രണ്ട് ദളിതരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അച്ഛനും മകനുമാണ് പിടിയിലായത്. മകന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ്. 

കൊലപാതകത്തിന് ഉപയോഗിച്ച കല്ലിൻ്റെ കഷ്ണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളില്‍ പ്രായപൂര്‍ത്തിയായ ആളെ കോടതിയില്‍ ഹാജരാക്കും. കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.