നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് സമ്മാനം നൽകിയതാണ്: ഐഫോൺ ആരോപണം തള്ളി ചെന്നിത്തല

single-img
2 October 2020

ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിലെ കരാർ ലഭിച്ചതിന് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് നൽകാനായി അഞ്ച് ഐഫോൺ സ്വപ്നയ്ക്ക് നൽകിയെന്ന യൂണിടാക് കമ്പനി ഉടമ  സന്തോഷ്‌ ഈപ്പൻ്റെ ആരോപണം ചൂടുപിടിക്കുന്നു. 4.48 കോടി രൂപ കമ്മീഷനായും കൈപ്പറ്റിയെന്നും സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് സന്തോഷ്‌ ഈപ്പൻ്റെ വെളിപ്പെടുത്തൽ എത്തിയത്. അതേസമയം ഈ ആരോപണം തള്ളി ചെന്നിത്തല രം​ഗത്തെത്തി. 

തനിക്ക് ആരും മൊബൈൽ ഫോൺ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺസുലേറ്റിലെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്കാണ് സമ്മാനം നൽകിയത്. കോൺസുലേറ്റിൽനിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണെന്നുപറഞ്ഞാണ് മൊബൈൽ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടത്. 2019 ഡിസംബർ രണ്ടിന് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി. സ്വപ്‍നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോൺ നൽകിയതെന്നും ഇതിന്‍റെ ബിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിയിൽ സന്തോഷ്‌ ഈപ്പൻ വെളിപ്പെടുത്തി. 

3.80 കോടി രൂപ  കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും  സ്വപ്‍ന സുരേഷ് അടക്കമുള്ളവർക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍  68 ലക്ഷവും നൽകിയതായിട്ടാണ് യൂണിടാക് കമ്പനി പറയുന്നത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാർകിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോൺസുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷൻ നൽകിയതെന്നും ഹർജിയിൽ പറയുന്നു.