ഹഥ്രാസിലേയ്ക്കുള്ള മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ; തന്നെ പൊലീസ് ലാത്തികൊണ്ട് മർദ്ദിച്ചെന്ന് രാഹുൽ
ഉത്തർപ്രദേശിലെ ഹഥ്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ. തന്റെ വാഹനവ്യൂഹം ഹൈവേയിൽ വെച്ച് തടഞ്ഞ ഉത്തർ പ്രദേശ് പൊലീസ് തന്നെ നിലത്ത് തള്ളിയിട്ട് ലാത്തി കൊണ്ട് മർദ്ദിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു.
ഹഥ്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്കരിച്ചത് ദേശവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതിനിടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടങ്ങുന്ന കോൺഗ്രസ് നേതാക്കൾ ഹഥ്രാസിലേയ്ക്ക് മാർച്ച് ചെയ്തത്.
“എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? എന്തടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് ? മാധ്യമങ്ങളോട് പറയൂ..” രാഹുൽ ഗാന്ധി ക്ഷുഭിതനായി പൊലീസുകാരോട് ചോദിച്ചു.
അതേസമയം ഔദ്യോഗിക ഉത്തരവ് ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188- ആം വകുപ്പ് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധിയെ പൊലീസ് തള്ളിമാറ്റാൻ ശ്രമിക്കുന്നതും അദ്ദേഹം താഴെ വീഴുന്നതും കാണാൻ സാധിക്കും. തന്നെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച രാഹുൽ ഗാന്ധി മോദിജിയ്ക്ക് മാത്രമേ ഈ രാജ്യത്ത് വഴിനടക്കാൻ സ്വാതന്ത്ര്യമുള്ളോയെന്നും ചോദിച്ചു. നൂറു കണക്കിന് പ്രവർത്തകരോടൊപ്പം രാഹുൽ ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു. ഹഥ്രാസിൽ നിന്നും 142 കിലോമീറ്റർ അകലെയുള്ള ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് രാഹുൽ ഗാന്ധിയുടെ വാഹനം പൊലീസ് തടഞ്ഞത്. ഹഥ്രാസിലേയ്ക്ക് കടക്കാൻ ശ്രമിച്ച സമാജ്വാദി പാർട്ടി പ്രവർത്തകരെയും യുപി പൊലീസ് തടഞ്ഞു. ഗ്രാമത്തിൽ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.