ഹത്രാസ് കൂട്ടബലാത്സംഗം; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി

1 October 2020

യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. ഹൈകോടതിയുടെ ലക്നൗ ബെഞ്ച് കേസെടുക്കുകയും യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.
സംസ്ഥാന പോലീസ് മേധാവി , ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എഡിജിപി, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, എസ്പി എന്നിവരില്‍ നിന്നും കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത മാസം പന്ത്രണ്ടിന് മുന്‍പ് മറുപടി നല്‍കണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്കര്‍ ഭീഷണിപ്പെടുത്തിയതിന്റെവീഡിയോയും വാർത്തകളും പുറത്തുവന്നിരുന്നു.