ഹത്രാസില്‍ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല; അവകാശവാദവുമായി യുപി പോലീസ്

single-img
1 October 2020

യുപിയിലെ ഹത്രാസില്‍ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന അവകാശവാദവുമായി ഉത്തർപ്രദേശ് പോലീസ് രംഗത്തെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഫൊറൻസിക് പരിശോധനാറിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കാൻ ഒന്നുമില്ല എന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടിയുടെ ശരീരത്തിലെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ബലാത്സംഘം നടന്ന തെളിവായി ബീജം കണ്ടെത്താനായിട്ടില്ല. ഇതിന്റെ കൂടെ തന്നെ പ്രദേശത്ത് ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും പ്രശാന്ത് കുമാർ അറിയിക്കുകയും ചെയ്തു. കഴുത്ത് ഒടിഞ്ഞ നിലയിലും, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ കൊലപാതകശ്രമത്തിന് മാത്രമാണ് യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് എങ്കിലും പെൺകുട്ടിയുടെ മൊഴിയിൽ നാല് പേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഇതിൽ ബലാത്സംഗക്കുറ്റം കൂടി ചുമത്താൻ പോലീസ് തയ്യാറായത്.

പെണ്‍കുട്ടിയുടെ മരണശേഷം പ്രതിഷേധങ്ങൾ തുടങ്ങിയ സമയത്ത് തന്നെ അലിഗഢ് ഐജിനടത്തിയ പ്രസ്താവനയില്‍ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാൻ മെഡിക്കൽ റിപ്പോർട്ടിൽ കഴിയാത്തതിനാൽ ഫോറൻസിക് പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ അയക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതും വിവാദമായിരുന്നു.