ഹത്രാസ് കൂട്ടബലാത്സംഗം; പ്രതിഷേധം രൂക്ഷം, ചന്ദ്രശേഖർ ആസാദ്​ വീട്ടുതടങ്കലിൽ

single-img
1 October 2020

ഉത്തർപ്രദേശിലെ ഹത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ്​, ഇടതു സംഘടനകൾ, ഭീം ആർമി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം. പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിഷേധക്കാർ യു.പി ഭവനും ഇന്ത്യ ഗേറ്റിന്​ മുമ്പിലും ബുധനാഴ്​ച പ്രതിഷേധം സംഘടിപ്പിച്ചു. ബന്ധുക്കളുടെ സമ്മതമില്ലാതെ അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ്​ സംസ്​കരിച്ചതിനെതിരെയും പ്രതിഷേധം ശക്തമായി.

പ്രതിഷേധം കനത്തതോടെ ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിനെ യു.പി പൊലീസ്​ വീട്ടുതടങ്കലിലാക്കി. സഹാരൻപുരിലെ വീട്ടിലാണ്​ ഇപ്പോൾ അദ്ദേഹം. ‘നമ്മുടെ സഹോദരിയെ കുടുംബത്തിന്റെ അഭാവത്തിൽ, അവരുടെ സമ്മതമില്ലാതെ അർധരാത്രിയിൽ പൊലീസ്​ സംസ്​കരിച്ചതെങ്ങനെയാണെന്ന്​ ലോകം മുഴുവൻ കണ്ടു. സർക്കാരിന്റെയും പൊലീസിന്റെയും ധാർമികത മരിച്ചു. ബുധനാഴ്​ച രാത്രിയോടെ എന്നെ പൊലീസ്​​ കസ്​റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്​തു. എങ്കിലും ഇതിനെതിരെ പോരാടും’ -ചന്ദ്രശേഖർ ആസാദ്​ ട്വീറ്റ്​ ചെയ്​തു.

യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ പ്രതികരിച്ചു. യു.പിയില്‍ നടക്കുന്ന ജംഗിള്‍രാജില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ശിക്ഷ തുടരുകയാണ്. ജീവിക്കാനുള്ള അവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. മരിച്ചുകഴിഞ്ഞശേഷം മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.

ഇത്തരത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോഴും‌. വിഷയത്തില്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സ്മൃതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വനിത-ശിശു വികസന മന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നത്‌. സാമൂഹിക മാധ്യമങ്ങളില്‍നിന്നും സമാനമായ ചോദ്യം ഉയരുന്നുണ്ട്.