സസ്പെന്‍ഷനിലുള്ള എം ശിവശങ്കറിന് മുന്‍കാല പ്രാബല്യത്തോടെ അവധി

single-img
30 September 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായി ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി എം ശിവശങ്കറിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ അവധി അനുവദിച്ചു. കഴിഞ്ഞ ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അദ്ദേഹത്തിന് അവധി നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണയായി സര്‍ക്കാര്‍ അവധി നല്‍കുന്ന നടപടി അസാധാരണമാണ് എന്നാണ് വിലയിരുത്തല്‍.

നിലവില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിട്ടുള്ളത്‌. സ്വകാര്യആവശ്യത്തിനായി അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നുഎന്നായിരുന്നു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാരിന്റെ ഈ നടപടിയോടെ സസ്പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭ്യമാകും. നേരത്തേ സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്.

ഇതന്റെ പിന്നാലെ ആദ്യഘട്ടത്തില്‍ മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടിയും ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു. അതേസമയം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് തവണ ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തിട്ടുണ്ട്.