സ്വർണ്ണക്കടത്തു കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്താമെന്ന് സന്ദീപ് നായർ: കേസിൽ വഴിത്തിരിവ്

single-img
30 September 2020

സ്വര്‍ണക്കടത്തുകേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ നാലാം പ്രതിയാണ് സന്ദീപ്. വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. സന്ദീപ് നായരുടെ നടപടിയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തില്ല. 

അതേസമയം കുറ്റസമ്മത മൊഴി നല്‍കുന്ന സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കിയതായാണ് സൂചന.

ദുബായില്‍ നിന്നെത്തിയ നയതന്ത്ര ബാഗേജു വഴി എത്തിയിരുന്ന സ്വര്‍ണം സന്ദീപ് നായരുടെ വീട്ടിലെത്തിയാണ് പൊട്ടിച്ചിരുന്നതും, കെ ടി റമീസിന് കൈമാറിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഏതൊക്കെ ഉന്നതര്‍ സ്വര്‍ണക്കടത്തിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങള്‍ സന്ദീപ് നായര്‍ രഹസ്യമൊഴിയില്‍ വെളിപ്പെടുത്തുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.