ബാബറി മസ്ജിദ് സ്വയം പൊട്ടിത്തകരുകയായിരുന്നോ? ഇന്ത്യൻ ഭരണഘടനയ്ക്ക് ‘RIP’; ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രമുഖർ

single-img
30 September 2020

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ പ്രതികൂലിച്ച് പ്രമുഖർ. ഇന്ത്യയിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത് , ‘ബാബറി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

Babri demolishers acquitted as justice goes to hellin Hindu Rashtra !

Posted by Anand Patwardhan on Wednesday, September 30, 2020

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നും വിധിയെ പരിഹസിച്ചു കൊണ്ട് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ” അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി!നാണക്കേട്” അദ്ദേഹം ട്വിറ്ററില്‍ എഴുതി.

പ്രമുഖ എഴുത്തുകാരി സാഗരിക ഘോസ് ബാബറി മസ്ജിദ് എന്ന ഹാഷ്‌ടാഗോടു കൂടി ‘ബാബറി മസ്ജിദ് ആരും പൊളിച്ചില്ല’ എന്നാണ് ട്വിറ്ററിൽ കുറിച്ചത്.

സുപ്രീംകോടതി ഇതിനെ ക്രിമിനൽ ഗൂഢാലോചന എന്ന് വിശേഷിപ്പിക്കുമ്പോൾ ആരും കുറ്റക്കാരല്ലെന്ന് കീഴ്‌ക്കോടതി പറയുന്നതിന്റെ യുക്തിയെയാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ് ചോദ്യം ചെയുന്നത്.

ബാബരി മസ്ജിദ് തകർത്ത കേസിലെ എല്ലാ കുറ്റവാളികളെയും കുറ്റവിമുക്തരാക്കിയ കോടതി നടപടിയിൽ പ്രതിഷേധിച്ച്. ഇന്ത്യൻ ഭരണഘടനയ്ക്ക് ‘RIP’ എന്നാണ് എഴുത്തുക്കാരിയും ആക്ടിവിസ്റ്റും കൂടിയായ ടീസ്ത സെതൽവാദ് ട്വിറ്ററിൽ കുറിച്ചത്.
‘നീതിക്ക് മുന്നിൽ ശക്തമായ വാദങ്ങളും നിർബന്ധിത തെളിവുകളും പ്രോസിക്യൂട്ടർമാർ സമർപ്പിക്കാത്തത് നിരുത്തരവാദപരമാണോ? ആസൂത്രിതമായ പ്രവർത്തനം? നീതി ലഭിക്കുമെന്ന ഇന്ത്യൻ പ്രതീക്ഷ വെറുതെയാകരുത്’; ഉലകനായകൻ കമൽഹാസൻ.

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ കെ അദ്വാനിയടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കിയായിരുന്നു കോടതി വിധി . ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തർപ്രദേശ് വഖഫ് ബോർഡ് പറഞ്ഞു.