‘മോദിയുടെ പുതിയ ഇന്ത്യയില്‍ യോഗിയുടെ പുതിയ നിയമം’; രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

single-img
30 September 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പ്രതികരണം.

മോദിയുടേയും യോഗിയുടേയും പുതിയ ഇന്ത്യയില്‍ ഇതാണ് പുതിയ നിയമമെന്ന് യു.പി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര വിമര്‍ശിച്ചു. ” ഹാത്രാസ് ബലാത്സംഗക്കേസിലെ ഇരയുടെ മൃതദേഹം അവരുടെ കുടുംബത്തെ അറിയിക്കാതെ സംസ്‌ക്കരിച്ചു. മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം, ഇന്ത്യയുടെ പുതിയ നിയമം,” മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് നിര്‍ബന്ധപൂര്‍വ്വം സംസ്‌ക്കരിച്ചത്. വീട്ടിനകത്തേക്ക് കയറ്റാന്‍ പോലും പൊലിസ് തയ്യാറായിരുന്നില്ല. വീട്ടുകാരുടെ എല്ലാ അപേക്ഷകളേയും അവഗണിച്ച് അവരെ ഭീഷണിപ്പെടുത്തിയായിരുന്നു സംസ്‌ക്കാരം.

സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയാകുന്നത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല്‌പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് 19 കാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.