കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തു; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

single-img
30 September 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പിന്‍വലിച്ചു. ഭരണത്തിലുള്ള ശിവസേനയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.

നിയമം നടപ്പാക്കാനുള്ളഉത്തരവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി, രാഷ്ട്രപതി അംഗീകാരം നല്കുയ ശേഷം നിയമമായ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ നടപ്പാക്കണമെന്ന് ഓഗസ്റ്റ് 10നാണ് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് സതീഷ് സോണി ഉല്‍പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവായി നല്‍കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്‍ഷിക സെക്രട്ടറിയുടെതായി വന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉദ്ദവ് സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നത്. പക്ഷെ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി രംഗത്തെത്തുകയായിരുന്നു.