അൺലോക്ക് അഞ്ചാം ഘട്ടം; സിനിമാശാലകളും എന്റർടെയ്ൻമെന്റ് പാർക്കുകളും തുറക്കാം

single-img
30 September 2020

കൊവിഡ് വൈറസ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുവാദം. അടുത്തമാസം 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പ്രദര്‍ശന ശാലകള്‍ ജനങ്ങള്‍ക്കായി തുറന്നാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. അതേപോലെ തന്നെ സ്വിമ്മിങ് പൂളുകള്‍ക്കും തുറക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സിനിമാ ശാലകൾക്കും എന്റർടെയ്ൻമെന്റ് പാർക്കുകൾക്കും പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കാം.

അതേസമയം ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് മാത്രമേ നടത്താന്‍ അനുവാദമുള്ളൂ. ആഘോഷങ്ങള്‍, ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിധ ആൾക്കൂട്ടങ്ങൾക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചിട്ടുണ്ട്. അതേസമയം അടച്ചിട്ട മുറിയിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ അനുവദിക്കാന്‍ പാടില്ല. എന്നാല്‍ തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാനാകും.

അതേസമയം സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും. ഈ പ്രവൃത്തി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യം സ്കൂള്‍ അധികൃതരുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉള്ളത് പോലെ ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നല്‍കാം.

തുറന്നാലും സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കേണ്ടതാണ്. രക്ഷകര്‍ത്താക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാന്‍ അനുവാദം ഉള്ളൂ. ഹാജർ വേണമെന്ന് നിർബന്ധിക്കരുത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. എന്നാല്‍ സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നല്‍കേണ്ടതാണ്. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. വിവിധ സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം എടുക്കേണ്ടത്.