ഗോവധ നിരോധനത്തിന് അംഗീകാരം നൽകി ശ്രീലങ്കൻ സർക്കാർ

single-img
29 September 2020

ശ്രീലങ്കയിൽ ഗോവധനിരോധനത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. അധികം വൈകാതെ തന്നെ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും രാജ്യത്തിന്റെ കാബിനറ്റ് വക്താവ് കെഹെലിയ റംബുക്വെല്ല മാധ്യമങ്ങളെ അറിയിച്ചു. നിരോധനം നിലവില്‍ വന്നാലും രാജ്യത്ത് മാംസാഹാരം കഴിക്കുന്നവർക്കായി പുറം രാജ്യങ്ങളിൽ നിന്നും ഇത് ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹംഅറിയിക്കുകയുണ്ടായി.ഇതിനായി ഇപ്പോള്‍ രാജ്യത്തുളള നിയമത്തിൽ മാറ്റം വരുത്തും.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലങ്കന്‍ മന്ത്രിസഭ അറിയിച്ചു.ഇതിന്റെ കൂടെ തന്നെ കര്‍ഷകര്‍ക്ക് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനകാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുമെന്നും സർക്കാർ മാധ്യമങ്ങളെ അറിയിച്ചു.

ശ്രീലങ്കയിലെ ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം വികസിപ്പിക്കുന്നതിന് കന്നുകാലി വിഭവത്തിന്റെ സംഭാവന വളരെ വലുതാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ശ്രീലങ്കയില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്നുളള പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ നിർദേശത്തിന് ഈ മാസം എട്ടിനായിരുന്നു ഭരണകക്ഷിയായ ശ്രീലങ്കയിലെ എസ്‌എൽ‌പി‌പി അംഗീകാരം നൽകിയത്.