ഞങ്ങൾ ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയായിരുന്നില്ല, ശക്തരായപ്പോൾ ആർക്കും ഭീഷണിയുമാകുന്നില്ല: ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
27 September 2020

കോവിഡ് സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്ന് മോദി ചോദിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി വിമർശനമുന്നയിച്ചത്. 

കോവിഡ് പ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യുഎൻ നടത്തിയത്? ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോൾ യുഎൻ എന്താണ് ചെയ്തത്? തുടങ്ങിയ ചോദ്യങ്ങളാണ് മോദി കോൺഫറൻസിൽ ഉന്നയിച്ചത്. യുഎൻ പുതിയ വെല്ലുവിളികൾ‌ ഏറ്റെടുക്കാൻ തയാറാകണമെന്നും മോദി പറഞ്ഞു. യുഎന്നിൽ ഇന്ത്യയുടെ  സ്ഥിരാംഗത്തിനു വേണ്ടിയും മോദി വാദിച്ചു. 

യുഎന്നിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ ഏറെ അഭിമാനകരമാണ്. ഈ ചരിത്ര നിമിഷത്തിൽ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു. യുഎന്നിന്റെ സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിർത്താനാകും? ഞങ്ങൾ ശക്തരായിരുന്നപ്പോൾ ആർക്കും ഭീഷണി ഉയർത്തിയില്ല, ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയും ആയില്ല. രാജ്യത്തു നടക്കുന്ന കാലാന്തരമായ മാറ്റങ്ങൾ ലോകത്തിൻ്റെ ഒരു വലിയ വിഭാഗത്തിൻ്റെ മാറ്റത്തിന് കാരണമായി. എന്നട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം കാത്തിരിക്കണമെന്നും മോദി ചോദിച്ചു. 

കോവിഡ് വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ പൊതുസഭാ സമ്മേളനം കൂടുതലായും ഓൺലൈൻ വഴിയാണ് നടത്തപ്പെടുന്നത്. നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന മോദിയുടെ വിഡിയോ സന്ദേശമാണ് പ്രക്ഷേപണം ചെയ്യുന്നത്. പ്രധാന നേതാക്കളെല്ലാം നേരത്തെ തയാറാക്കിവച്ച പ്രസംഗത്തിലൂടെയാണ് ന്യൂയോർക്കിലെ യുഎൻ പൊതുസഭ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സമാധാനം നിലനിർത്താനുള്ള പോരാട്ടത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ധീര ജവാന്മാരെ നഷ്ടപ്പെട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും പ്രധാനബമന്ത്രി ഓർമ്മിപ്പിച്ചു. യുഎന്നിന് ഇന്ത്യ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ‌ യുഎന്നിലുള്ള ഇന്ത്യയുടെ സാന്നിധ്യം വികസിക്കുന്നത് കാണാനാണ് ഇന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. ഈ മാഹാമാരിക്കാലത്തും 150 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി അവശ്യ മരുന്നുകൾ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വാക്സിൻ നിർമാണവും വിതരണ ശേഷിയും ഈ പ്രതിസന്ധിക്കെതിരെ പോരാടുന്ന എല്ലാവർക്കും സഹായകമാകുമെന്ന് ലോകത്തിന് ഉറപ്പു നൽകുന്നെന്നും മോദി പറഞ്ഞു.