‘അപമാനഭാരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങൾ മുതല കണ്ണീരൊഴുക്കേണ്ടത്’; ഭാഗ്യലക്ഷ്മിക്കു പിന്തുണയുമായി സംവിധായകൻ ആലപ്പി അഷ്റഫ്

single-img
27 September 2020

യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വിഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. സംഭവത്തിലെ എല്ലാ രീതിയോടും യോജിപ്പില്ലെങ്കിലും ഭാഗ്യലക്ഷ്മി കാണിച്ചത് തന്‍റേടമാണെന്നും അതിനോട് തനിക്ക് യോജിപ്പുണ്ടെന്നും അഷറഫ് പറയുന്നു. ‘അപമാനഭാരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങൾ മുതല കണ്ണീരൊഴുക്കേണ്ടത്’ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പി അഷ്റഫിന്റെ കുറിപ്പ് :

സാംസ്കാരിക നായകന്മാരോട് ഒരു വാക്ക്…അപമാനഭാരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങൾ മുതല കണ്ണീരൊഴുക്കേണ്ടത്…പതിറ്റാണ്ടുകൾക്ക് മുൻപ്… ഞാൻ പി.ജെ. ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിങ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെൺകുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡബ്ബിങ് തിയറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓർക്കുന്നു…

സിനിമയിലെ കുട്ടികൾക്ക് ശബ്ദം നൽകാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത് . പിന്നീടവൾ വളർന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു. അന്നത്തെ കാലത്ത് ഒരു സിനിമയിൽ ഡബ്ബിങ് സമയത്ത് നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കാൻ വേണ്ടി ഒരു കൂട്ടം ആൾക്കാർ തിയറ്ററിൽ ഉണ്ടാകും.. സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു.

വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകർഷിച്ച ആ പെൺകുട്ടിയാണ് പിന്നീട് ഫുൾ സാരിയിൽ വന്ന് ശബ്ദ കലയിൽ വിസ്മയം തീർത്ത ഭാഗ്യലക്ഷമി. സിനിമാരംഗത്ത് വലിയ തറവാടുകളിൽ നിന്നെത്തിയ നിരവധി പെൺകുട്ടികൾ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളർന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേൾപ്പിക്കാതെ ജിവിക്കുന്നത് നേരിൽകണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.

പിന്നീട് അവരുടെ ദാമ്പത്യം തകർന്നപ്പോൾ… അവരിൽ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു, അതവരുടെ സ്വകാര്യത. കഴുത കരഞ്ഞു തീർക്കുന്നത് പോലെ ഇവിടെ സോഷ്യൽ മീഡിയയിൽ ഭാഗ്യലക്ഷ്മിക്കെതിരെ രണ്ടു പേരെത്തി… സോഷ്യൽ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവർ.

ആദ്യം സഹപ്രവർത്തകയെ വാക്കുകൾ കൊണ്ട് വായ് മൂടിക്കെട്ടി അപമാനിക്കാൻ ശ്രമിക്കുന്ന ശാന്തി വിള. വ്യക്തിപരമായി ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയിൽ അലക്കാൻ ശ്രമിച്ചു അവരെ അപമാനിക്കാൻ നോക്കുന്നു.. പരസ്പര ബഹുമാനമെന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്.

ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആർക്കും യോജിക്കാൻ പറ്റാത്ത ആരോപണങ്ങളാണ്. അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയറ്ററിൽ പോയി കാണില്ല എന്നു ഒരു ചാനലിൽ പറഞ്ഞതാണ്, ആ സിനിമയിൽ രാധികക്ക് ശബ്ദം നല്കിയതാണ് അവർ ചെയ്ത അപരാധം.. അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ് . തിയറ്ററിൽ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്.

അവർ വേർപിരിഞ്ഞ ഭർത്താവിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലായിരുന്നു എഴുതാൻ പാടില്ലായിരുന്നു, കണ്ടു പഠിക്കാൻ ഉദാഹരണവും നിർദ്ദേശവും ശാന്തിവിള നല്കി. എന്നാൽ ആ നിർദ്ദേശത്തിലുമുണ്ട് പക്ഷപാതം. കുടുബമുള്ളവരെ പ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമർശത്തിൽ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ. വിവാഹബന്ധം വേർപ്പെടുത്തിയാൽ പിന്നെ സ്ത്രീ ശബ്ദിക്കരുത് ..

അവളുടെ മുൻ ഭർത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ.. ഇനി അങ്ങനെയെങ്കിൽ മുൻ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന “കഥയല്ലിത് ജിവിതം” നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ. ശാന്തി വിളയിൽ നിന്നും പ്രചോദനം കൊണ്ട് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തൻ….

ഒരു വിധത്തിലും സഹിക്കാൻ പറ്റാത്ത വാക്കുകൾ… അവിടെയും ഒരിര ഭാഗ്യലക്ഷ്മി. ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി …

അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്. നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നമുക്കവൾ കാട്ടി തന്നു..

പിന്നീട് കണ്ടത്. മനശാസ്ത്രജ്ഞൻ മനസ്സു തുറന്നു …. കവിളിൽ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു.. ഇനി ഏതായാലും തമിഴ്നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്. യൂട്യൂബിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ചാനലുകൾ,

മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകൾ അസഹനീയമായ് വളർന്നു കഴിഞ്ഞിരിക്കുന്നു.. ഇവിടെ നിയമം വെറും നോക്കുകുത്തി. ഒരു കർശന ശുദ്ധികരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.

ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്, സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാൻ പറയുന്നില്ല .. എന്നാൽ നിങ്ങൾ കാണിച്ച ആ തന്റേടം… നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാൻ പറ്റില്ല … അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കിൽ…ഇവിടെ ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത്,നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാൽ മതി…ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും.അങ്ങനെയാകുമ്പോൾ….”സ്വന്തം സഹോദരിയോടൊപ്പം ” അതേ… ഭാഗ്യലക്ഷ്മിമാരോടൊപ്പം നമുക്ക്അണിചേരാം…