മലയാളികൾക്ക് ഇനി ബംഗളൂരുവിൽ ജോലി ലഭിക്കുക എളുപ്പമല്ല: കര്‍ണാടകയിലെ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി ബിജെപി സര്‍ക്കാര്‍

single-img
25 September 2020

കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടിയായായാണ് പുതിയ നിയമം എത്തുന്നത്. നിയമ, പാര്‍ലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിലാണ് കന്നഡിഗര്‍ക്കു മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഉത്തരവിറക്കുക. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെൻ്റ് നിയമത്തില്‍ മാറ്റംവരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയത് വാർത്തയായിരുന്നു. 

മെക്കാനിക്ക്, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ തുടങ്ങിയവരാണ് സി, ഡി വിഭാഗങ്ങളില്‍ വരുന്നത്. എ, ബി വിഭാഗങ്ങളില്‍ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണുണ്ടാവുക.സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണം വേണമെന്നാണ് കന്നഡിഗറുടെ പശാതു നിലപാട്. കന്നഡ വികസന അതോറിറ്റി വര്‍ഷങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐ.ടി. കമ്പനികളുള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ എതിര്‍പ്പുമൂലം ഇത് നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

എന്നാല്‍ ഈ എതിർപ്പുകളെ തള്ളിയാണ് ബിജെപി സർക്കാർ കന്നഡികര്‍ക്കു മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.