എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ നില അതീവഗുരുതരം: കമലഹാസൻ ആശുപത്രിയിൽ

single-img
25 September 2020

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

പിതാവിന് കോവിഡ് നെഗറ്റിവ് ആയതായി ഈ മാസം എട്ടിന് മകന്‍ രാംചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും രാംചരണ്‍ അറിയിച്ചു. 

എസ്പിയുടെ നില ഗുരുതരമാണെന്നു വാർത്ത വന്നതോടെ നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് എഴുപത്തിനാലുകാരനായ എസ്പിബിയെ ആശുപത്രിയിലേക്കു മാറ്റിയത്. എസ്പിബി തന്നെയാണ് തനിക്കു കോവിഡ് പോസിറ്റിവ് ആയ വിവരം സാമുഹ്യ മാധ്യമം വഴി അറിയിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.