താരാപഥം എന്ന ഗാനം ചേതോഹരമാക്കിയ ആ മൂന്നു മണിക്കൂറും എസ് പി ബിയും

single-img
25 September 2020

‘താരാപഥം ചേതോഹരം’ എന്ന ഗാനം ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രമണ്യം പാടിയതിന്റെ ഓർമ പങ്കുവെയ്ക്കുകയാണ് കവിയും ഗാനരചയിതാവുമായ പി കെ ഗോപി. 24 മണിക്കൂറിനിടെ 21 ചലച്ചിത്ര ഗാനം പാടി റെക്കോർഡിട്ട ഈ ഗായകൻ പക്ഷെ, ഏറെ സമയമെടുത്ത് ആലപിച്ച ഗാനമാണ് ‘താരാപഥം ചേതോഹരം’. അനശ്വരം എന്ന ചലച്ചിത്രത്തിലേ യുഗ്മഗാനമാണിത്.

‘ആ ഗാനത്തിന്റെ റെക്കോർഡിങ് ചെന്നൈയിലെ സ്റ്റുഡിയോയിൽ നടക്കുമ്പോഴാണ് ഞാൻ ബാലുവിനെ (SPB) ആദ്യമായി നേരിൽ കാണുന്നത്. മൂന്ന് മണിക്കൂറാണ് റെക്കോർഡിങ് സ്റ്റുഡിയോയിൽ അദ്ദേഹം ചെലവഴിച്ചത്. അർപ്പണബോധമുള്ള ഗായകന്റെ സമ്പൂർണ യോഗ്യത അദ്ദേഹത്തിനുണ്ട്. പ്രണയത്തിന്റെ ആർദ്രതയും തീവ്രതയും ആ ഭാവ ഗായകനിൽ ഉൾച്ചേർന്നിരുന്നു.

ഏത് പാട്ടും ഏറ്റവും ഹൃദ്യവും മധുരവുമായി ആവിഷ്കരിക്കാൻ പറ്റുന്നിടത്താണ് ഒരു പാട്ടുകാരന്റെ വിജയം. അതിനായി ഗാനരചയിതാവായ എന്റെയും ഗായിക ചിത്രയുടെയും സഹായം ബാലു തേടി. പക്ഷെ, ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ബാലുവിന് ഞാനെഴുതിയ ചില വാക്ക് ശരിക്കു ഉച്ചരിക്കാനായില്ല.

ഏത് ഭാഷയായാലും മാതൃഭാഷയുടെയത്ര വഴങ്ങില്ലല്ലോ, ആശ്വാസം നൽകാൻ ഞാൻ തയ്യാറായി. പക്ഷെ ബാലു വിട്ടുകൊടുക്കാൻ ഭാവമില്ല. പലപ്രാവശ്യം പാകപ്പിഴവ് സംഭവിച്ചു എന്ന് അദ്ദേഹം വ്യാകുലപ്പെടുന്നുണ്ടായിരുന്നു.

ഇളയരാജയുടെ ഇസൈ കണിശതയിൽ നിന്നുയിർകൊണ്ട ഈണമായിരുന്നു ഞാൻ ചിട്ടപ്പെടുത്തിയത്. അതിനാൽ തന്നെ ‘താരാപഥം’, ‘ചെങ്കുറുഞ്ഞി പൂവിൽ…’,’മൃദുചുംബനങ്ങൾ’ എന്നീ വാക്കുകൾ ഒഴിവാക്കാൻ സാധ്യമല്ലായിരുന്നു. ശ്രമം തുടർന്നു. കൊച്ചു കുട്ടിയെ പോലെ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. മൂന്ന് മണിക്കൂറുകൾ ചെലവഴിച്ചു. ഒടുവിൽ ഇളയരാജ ഓകെ പറഞ്ഞു. അദ്ദേഹവും ചിത്രയും ചേർന്ന് പാടി.

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
(താരാപഥം ചേതോഹരം….)

സുഖദമീ നാളിൽ ലലല ലലലാ….
പ്രണയശലഭങ്ങൾ ലലല ലലലാ….
അണയുമോ രാഗദൂതുമായ് (സുഖദമീ നാളിൽ…)
സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
(താരാപഥം ചേതോഹരം….)

സഫലമീ നേരം ലലല ലലലാ….
ഹൃദയവീണകളിൽ ലലല ലലലാ….
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം…)
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
(താരാപഥം ചേതോഹരം….)

‘ബാലൂ, എത്ര മനോഹരമാണാ ശബ്ദം. സമ്പൂർണ ശോഭയോടെ ഹൃദയത്തിൽ ഒരു നാദ വൃവസ്ഥ അനൂകൂലമായി പ്രതികരിക്കണം. അതിനായിരുന്നു ബാലുവിന്റെ ശ്രമം.’- ഡോ.പി കെ ഗോപി അനുസ്മരിച്ചു. ചെറിയ ഉച്ചാരണ വൈകല്യത്തോടെ പാടിയിട്ട് പോലും ആ ഗാനത്തിൽ പ്രേമത്തിന്റെ ആർദ്രത കൂട്ടിയിട്ടേ ഉള്ളൂ; ആ ഗാനം അനശ്വരവുമായി.