ഇതുവരെ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ല: ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ


നിലവിൽ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് വ്യക്തമാക്കി.
കണ്ടെത്തിയ വാക്സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നതിലൂടെ ഏറ്റവും ഫലപ്രദമായ ഒന്നിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകൾ ഫലംചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനുകളുടെ ചരിത്രത്തിൽ, ചില പരീക്ഷണങ്ങൾ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിലും അതുതന്നെയാകും സ്ഥിതി. നിലവിൽ 200ലധികം വാക്സിനുകളാണ് പരീക്ഷണം നടത്തിവരുന്നത്.
അടുത്തൊരു മഹാമാരി വരുന്നതിനുമുന്പ് ലോകരാജ്യങ്ങൾ സജ്ജമാകണം. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ടെഡ്രോസ് അഥനം പറഞ്ഞു.