താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത; കിഫ്ബിയിൽനിന്ന് 688 കോടിയുടെ പ്രാഥമിക ഭരണാനുമതി

single-img
23 September 2020

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രാ പാതയായ താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട്ആ നക്കാംപൊയിൽനിന്ന് കള്ളാടി വഴി മേപ്പാടിയില്‍ എത്തുന്ന ഈ പാതയ്ക്ക് 7.82 കിലോമീറ്റർ ദൂരം നീളമുണ്ടാകും. ഇതില്‍ തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റർ ആയിരിക്കും.

പദ്ധതി നടപ്പാക്കാന്‍ തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രിഅറിയിക്കുകയും ചെയ്തു. അതേസമയം പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 688 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നൽകി. തുടര്‍ന്നുള്ള വിശദമായ പഠനത്തിനുശേഷം കൊങ്കൺ റെയിൽ കോർപറേഷൻ സര്‍ക്കാരിന് ഡിപിആർ സമർപ്പിക്കും.

ഡിപിആര്‍ ലഭ്യമായശേഷം മറ്റു നടപടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ താമരശേരി ചുരം വഴിയാണ് കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് യാത്രചെയ്യാന്‍ സാധിക്കുന്നത്. ഇവിടെ മഴക്കാലത്ത് മണ്ണ് ഇടിയുകയും മരങ്ങള്‍ വീഴുകയും ചെയ്യുന്നത് കാരണം മാസങ്ങളോളം യാത്ര തടസപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ചുരംപാത വനഭൂമിയിലൂടെ ആയതിനാൽ വീതികൂട്ടുന്നതിനും തടസങ്ങളുണ്ട്.