റംസിയുടെ ആത്മഹത്യ: അന്വേഷണം എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്

single-img
23 September 2020

വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യചെയ്ത കേസ് പത്തനംതിട്ട എസ്പി കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കും. റംസിയുടെ പിതാവ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിൻ്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയില്‍ അല്ലന്നും വരന്‍ ഹാരീസ് മുഹമദിന്‍റെ അമ്മയേയും സഹോദരൻ്റെ ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷമി പ്രമോദിനും കേസ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നു എന്നും കാണിച്ചായിരുന്നു പോലീസ് മേധാവിക്ക് പരാതിനല്‍കിയിരുന്നത്. നിലവിൽ റംസിയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രശസ്ത സീരിയല്‍ നടി ലക്ഷമിപ്രമോദിന്‍റെ മൂന്‍കൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് കൊല്ലം ജില്ലാ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈബ്രാഞ്ച് സംഘം റംസിയുടെ വിട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് സൂചന.