ഡൽഹി സ്ഫോടനക്കേസ്: പിടിയിലായ മലയാളി ഉൾപ്പെടെ 2 പ്രതികളെ ചോദ്യം ചെയ്യുന്നു; ലഭിച്ചത് നിർണായക വിവരങ്ങളെന്ന് എൻഐഎ

single-img
22 September 2020

ഡൽഹി സ്ഫോടനക്കേസിൽ എൻഐഎ പിടികൂടിയ മലയാളി ഷുഹൈബ് ഉൾപ്പെടെ 2 പ്രതികളെ സംസ്ഥാനത്ത് എത്തിച്ച് രണ്ടു സ്ഥലങ്ങളിലായി ചോദ്യം ചെയ്യുന്നു. പ്രത്യേക എൻഐഎ സംഘമാണ് റിയാദിൽ നിന്ന് ഇവരെ പിടികൂടിയത്.

തീവ്രവാദക്കേസിൽ ജയിലിലുള്ള തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്.

ഗുൽനവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എൻഐഎ ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. നിർണായക വിവരങ്ങളാണ് ഇവരിൽ നിന്ന് ലഭിച്ചത് എന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകിട്ട് എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്.

ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്കർ ഇ തയിബയിലേക്കും ചേർന്നു. ഷുഹൈബ് കേരളത്തിൽ നിന്ന് ഹവാല വഴി തീവ്രവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.