ശോഭാ സുരേന്ദ്രൻ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയായേക്കും: പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സൂചനകൾ

single-img
21 September 2020

കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ പാർട്ടിയുമായുള്ള അകൽച്ച കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കെ സുരേന്ദ്രനെ ബി ജെ പി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു എന്നുള്ള വാർത്തകളും ഇഉയർന്നു വന്നിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി കേന്ദ്രമന്ത്രി വി മുരളീധരനുള്ള സ്വാധീനം സുരേന്ദ്രനെ ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. 

ഇപ്പോള്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കുന്ന അവസരത്തിലാണ് ശോഭ സുരേന്ദ്രന്റെ അസാന്നിദ്ധ്യം കേരളം ചര്‍ച്ച ചെയ്തത്. ശോഭയുടെ അസാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള പടലപിണക്കം കാരണമാണെന്ന തരത്തിലാണ് വിവിധ മാദ്ധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നത്.

ആരോപണങ്ങൾക്കു മുറുപടിയായി സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ശോഭ സുരേന്ദ്രന്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനിടെ ദേശീയ തലത്തില്‍ ഒരു പ്രമുഖ സ്ഥാനം ശോഭ സുരേന്ദ്രന് ഉടന്‍ ലഭിക്കുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. പാര്‍ട്ടി ഉന്നതങ്ങളുമായി ബന്ധപ്പെട്ട ഉന്നത കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ ഒരു സൂചന ലഭിച്ചതെന്നും മാധ്യമം വ്യക്തമാക്കുന്നു. അത് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനമാണെന്നാണ് കേരള കൗമുദി പറയുന്നത്. ഈ അടുത്തുതന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ.