ട്രംപിന് ആ കത്തയച്ചത് ഒരു യുവതി: പൊലീസ് അറസ്റ്റു ചെയ്തു

single-img
21 September 2020

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്തയച്ചത് ഒരു യുവതിയാണെന്നു റിപ്പോർട്ടുകൾ.  സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. 

ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അത്തിലുള്ള റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. കാസ്റ്റര്‍ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന രാസവസ്തുവാണ് റിസിന്‍. ഇത് വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍ ചര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പരാജയം എന്നിവയ്ക്ക് കാരണമാകും. 

അതേസമയം കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.