അനില്‍ അംബാനിക്കെതിരെ പാപ്പരത്ത നടപടിക്കുള്ള സ്റ്റേ മാറ്റണമെന്ന് എസ്ബിഐ; ഹര്‍ജി തള്ളി സുപ്രിം കോടതി

single-img
17 September 2020

അനില്‍ അംബാനിയുടെ കീഴിലുള്ള രണ്ട് കമ്പനികള്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി.

നേരത്തെ ദില്ലി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സമർപ്പിച്ച ഹർജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്. അതേസമയം ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ദില്ലി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനുള്ളില്‍ ആവശ്യമെങ്കില്‍ എസ്ബിഐയ്ക്ക് ഹര്‍ജിയില്‍ മാറ്റംവരുത്താമെന്നും കോടതി അറിയിച്ചു.

അനില്‍ അംബാനിയുടെ ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ എന്നീ കമ്പനികള്‍ക്ക് എസ്ബിഐ നല്‍കിയ വായ്പകള്‍ക്ക് 2016 ല്‍ അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നു. ഈ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തില്‍ നിന്നും വായ്പാ തുക തിരിച്ചുപിടിക്കാനുളള നടപടികള്‍ സ്റ്റേറ്റ് ബാങ്ക് ആരംഭിക്കുന്നത്.