`ഇവൻ്റെയൊക്കെ തന്തമാർ ഇതുവഴി നടക്കുമ്പോൾ ചെരിപ്പ് അഴിച്ചു കയ്യിൽ പിടിക്കും, പക്ഷേ ഇവൻ തലയിൽ കെട്ടുമായി നടന്നു, ഞങ്ങൾ അവനെയങ്ങു കൊന്നു´

single-img
17 September 2020

ജാതി അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങൾ രാജ്യത്ത് പുത്തരിയല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ അവർണ്ണനെ സവർണ്ണൻ കൊലപ്പെടുത്തു വാർത്തകൾ മാധ്യമങ്ങളിൽ സ്ഥിരം കാഴ്ചയാണ്. കേരളവും അതിനു വിഭിന്നമല്ല. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഈ സാഹചര്യം കൂടുതൽ രൂക്ഷമാണ്. അതിനെക്കുറിച്ച് വിവരിക്കുകയാണ് റെെറ്റ്സിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അജയ് കുമാർ. 

മധുരയിലെ പീപ്പിൾസ് വാച്ച് എന്ന സംഘടനക്ക് വേണ്ടി ഒരു ദളിത് കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാന്വഷണം നടത്താൻ ശിവഗംഗക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നപ്പോഴുണ്ടായ അനുഭവമാണ് അജയ് കുമാർ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

2004 ൽ ആണെന്ന് തോന്നുന്നു ഞാൻ അന്ന് പ്രവത്തിച്ചിരുന്ന മധുരയിലെ പീപ്പിൾസ് വാച്ച് എന്ന സംഘടനക്ക് വേണ്ടി ഒരു ദളിത് കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുതാന്വഷണം നടത്താൻ ശിവഗംഗക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെല്ലുന്നത്. എന്റെ കൂടെ വരേണ്ടിയിരുന്ന ശിവഗംഗക്കാരൻ ആയിരുന്ന ചങ്ങായിക്ക് മറ്റെന്തോ അത്യാവശ്യത്തിനു പോകേണ്ടിവന്നതിനാൽ യാത്ര ഒറ്റക്കായി.

ബസ് എത്തുന്നിടത്തുനിന്നും ഒരു 4 km അകലെയാണ് ഗ്രാമം. ബസ്സിറങ്ങി ആദ്യം സംസാരിച്ചയാൾ ടിയാന് സ്ഥലം അറിയാമെന്നും പറഞ്ഞുഎന്നെ അയാളുടെ ട്രാക്ടറിൽ കയറ്റി.

ഒരു നിലമാത്രമുള്ള എന്നാൽ പലവീടുകൾ കൂട്ടികെട്ടിയപോലെ തോന്നിപ്പിക്കുന്ന വലിയൊരു വീടിന്റെ മുറ്റത്താണ് എന്നെ ഇറക്കിയത്. ആവീട്ടില്നിന്നും പുറത്തേക്ക്‌ ഇറങ്ങിവന്നയാൾ എന്നോട് വിവരങ്ങൾ തിരക്കി. ഞാൻ കാര്യം പറഞ്ഞു. അയാൾ എന്നോട് വെയ്റ്റ് ചെയ്യാൻ ആവശ്യപെട്ടു. കുറെ കഴിഞ്ഞു അയാൾ എന്നെ അകത്തേക്ക് കൂട്ടി.

നടുത്തളത്തിൽ ചുറ്റുമിട്ടിരിക്കുന്ന കട്ടിലിലും നിലത്തുമായി ഒരു 16 -18 പേരേങ്കിലും ഉണ്ടാവും.

ഒരാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“ഞങ്ങൾ ആണ് കൊന്നത്”

എന്തിന്? ഞാൻ ഉടൻ ചോദിച്ചു

“ഞങ്ങളുടെ ഈ തെരുവിലൂടെ അവൻ തലയിൽ കെട്ടുമായി നടന്നു. ഇവൻ്റെ യൊക്കെ തന്തമാർ ഇതുവഴി നടക്കുമ്പോൾ ചെരിപ്പ് അഴിച്ചു കയ്യിൽ പിടിക്കും , കൊല്ലും ഇനിയും കൊല്ലും’

അയാൾ എഴുനേറ്റ് കട്ടിലിൽ വിരിച്ചിരുന്ന കനം കുറഞ്ഞ ബെഡ് പകുതി ഉയർത്തി നിരത്തിവച്ചിരിക്കുന്ന വടിവാളുകൾ എനിക്കു കാണിച്ചു തന്നു.

എന്റെ തല മരച്ചു.

എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം ഉണ്ട്.

*കണ്ടീഷൻസ് അപ്ലെ

2004 ൽ ആണെന്ന് തോന്നുന്നു ഞാൻ അന്ന് പ്രവത്തിച്ചിരുന്ന മധുരയിലെ പീപ്പിൾസ് വാച്ച് എന്ന സംഘടനക്ക് വേണ്ടി ഒരു ദളിത്…

Posted by Ajay Kumar on Wednesday, September 16, 2020