ലോക്ക്ഡൗണ്‍ കാലത്തെ പോലീസ് അതിക്രമങ്ങള്‍; രേഖകള്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
16 September 2020

കൊവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് നടന്ന പോലീസ് അതിക്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും കൈവശമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനതയ്ക്ക് മേല്‍ പോലീസ് അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ മരണം, വ്യക്തികള്‍ക്കേറ്റ പരിക്കുകള്‍, ഇവയുമായി ബന്ധപ്പെട്ട കേസുകള്‍, പരാതികള്‍ എന്നിവ സംബന്ധിച്ച രേഖകളൊന്നും കൈവശമില്ലെന്നാണ് മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഡിയാണ് ഈ കാര്യം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

അതേസമയം പോലീസും ക്രമസമാധാന പാലനവും ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളുടെ വിഷയമായതിനാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളാണ് ലോക്ക്ഡൗണ്‍ കാലത്ത് നടപടികള്‍ സ്വീകരിച്ചതെന്ന് കിഷന്‍ റെഡ്ഡി അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയതിനാല്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരവും സൂക്ഷിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ഇതിന് സമാനമായി കൊവിഡ് ബാധിച്ച് മരിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള കാരണമായി ആരോഗ്യം സംസ്ഥാന വിഷയമാണെന്ന് മന്ത്രാലയം പറയുകയുണ്ടായി.