വൈകിയത് 10 മിനിറ്റ്, വിദ്യാർഥിക്ക് നഷ്ടപെട്ടത് ഒരു വർഷം

single-img
15 September 2020

ബിഹാറിലെ ദർബംഗ സ്വദേശി സന്തോഷ് കുമാർ യാദവെന്ന വിദ്യാർത്ഥിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചാവിഷയം. മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സന്തോഷ് കുമാർ യാദവ് നീറ്റ് പരീക്ഷക്കായി പുറപ്പെട്ടത്. ഒരു രാവും പകലും മുഴുവൻ സഞ്ചരിച്ച് 700 കിലോമീറ്റർ ദൂരം താണ്ടിയാണ് കൊൽക്കത്തയിലെ പരീക്ഷ കേന്ദ്രത്തിൽ ഈ വിദ്യാർഥി എത്തിയത്.

നിരവധി ബസുകൾ കയറിയിറങ്ങി പരീക്ഷക്കെത്തിയ സന്തോഷിനെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. പത്ത് മിനിറ്റ് താമസിച്ചതിനാൽ സന്തോഷിന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. 10 മിനിറ്റ് വൈകിയതിനാൽ സാൾട്ട് ലേക്കിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ പോലും സന്തോഷിന് സാധിച്ചില്ല.

‘ഞാൻ അധികൃതരോട് അപേക്ഷിച്ചെങ്കിലും അവർ ഞാൻ വൈകിയെന്ന് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് പരീക്ഷ ആരംഭിച്ചു. 1.40 ഓടെ ഞാൻ പരീക്ഷ കേന്ദ്രത്തിലെത്തി. പരീക്ഷകേന്ദ്രത്തിൽ പ്രവേശിക്കാനുള്ള അവസാന സമയപരിധി ഉച്ചയ്ക്ക് 1.30 ആയിരുന്നു, എനിക്ക് ഒരു വർഷം നഷ്ടപ്പെട്ടു’- സന്തോഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്തായാലും വൈകിയത് 10 മിനിറ്റ് ആണെങ്കിലും വിദ്യാർഥിക്ക് നഷ്ടപെട്ടത് വിലപ്പെട്ട ഒരു വർഷം ആയിരുന്നു.

ടെസ്റ്റ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ പരീക്ഷ എഴുതുന്നവർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ആരോഗ്യ പരിശോധന കണക്കിലെടുത്താണ് ഇത്തരം നിർദ്ദേശം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.