സ്വ‌പ്‌നയും സന്ദീപും അടക്കം അഞ്ച് പേരെ വീണ്ടും ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ അപേക്ഷക്ക് കോടതിയുടെ അനുമതി

single-img
15 September 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നൽകിയ അപേക്ഷക്ക് എന്‍ഐഎ കോടതിയുടെ അനുമതി. സ്വപ്നയെ കൂടാതെ സന്ദീപ് നായരടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. സ്വപ്ന സുരേഷിന്‍റെ ഫോൺ രേഖകകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഐഎയുടെ ആവശ്യം. അന്വേഷണത്തിൽ സ്വപ്ന അടക്കമുള്ളവർക്കെതിരെ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായവരുടെ ഫോൺ, ലാപ് ടോപ് എന്നിവ പരിശോധിച്ചതിൽ ഉന്നതരുമായുള്ള ബന്ധം വെളിവാക്കുന്ന നിർണ്ണായക രേഖകൾ കണ്ടെത്തി എന്നാണ് എൻഐഎ യുടെ വാദം. പ്രതികൾ ഡിലീറ്റ് ചെയ്ത പല രേഖകളും വീണ്ടെടുക്കാൻ എൻഐഎക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യം എന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടത്. എൻഐഎയുടെ വാദം അംഗീകരിച്ച കോടതി സ്വപ്ന ഒഴികെയുള്ള 5 പ്രതികളെ വെള്ളിയാഴ്ച്ച വരേക്ക് കസ്റ്റഡിയിൽ വിട്ടു. നെഞ്ച് വേദനയെ തുടർന്ന് സ്വപ്ന തൃശൂർ മെഡിക്കൽ കോളേജിലാണ് ഉള്ളത്.

കുറ്റകൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതികളുടെ ആദ്യമൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതൽ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.