ചൈനയുടെ ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു: രാജ്നാഥ് സിംഗ്

single-img
15 September 2020

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ലഡാക്കിൽ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ ആദ്യമായി പ്രസ്താവന നടത്തി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ സൈന്യത്തിന്റെ സാന്നിധ്യം വർദ്ധിപ്പിച്ചു വരികയാണെന്നും സംഘർഷത്തിനിടെ ചൈനീസ് ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സെന്യക്ക് കഴിഞ്ഞതായും രാജ്നാഥ് സിംഗ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ – മേയിൽ പാങ്ഗോംഗ്, ഗൽവാൻ, ഗോഗ്ര എന്നിവിടങ്ങളിൽ നിയന്ത്രണരേഖ മറി കടക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ജൂൺ ആറിന് കമാൻഡർമാരുടെ യോഗത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ആദ്യം ശ്രമം നടന്നു. എന്നാല്‍ ജൂൺ പതിനഞ്ചിന് ചൈനീസ് സേന അക്രമത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ സൈന്യം ഈ നീക്കത്തെ കർശനമായി പ്രതിരോധിക്കുകയും ചൈനീസ് ഭാഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. – അദ്ദേഹം അറിയിച്ചു.

നിലവില്‍ അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യൻ സൈന്യം നില്‍ക്കുന്നത്. സംഘര്‍ഷം ഇല്ലാതെ സമാധനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ എപ്പോഴത്തെയും ആഗ്രഹം. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിനുള്ള നിശ്ചയദാർഢ്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. നിലവിലെ സാഹചര്യത്തില്‍ പാർലമെൻ്റ സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കണം – ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ രാജ്നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചു.