വിവാഹസൽക്കാരം കഴിഞ്ഞ് ബാക്കി വന്ന മാലിന്യം തള്ളിയത് റോഡരികിൽ: വീട്ടുകാരെക്കൊണ്ടുതന്നെ തിരിച്ചു വാരിച്ച് പൊലീസ്

single-img
14 September 2020

വിവാഹസത്കാരം കഴിഞ്ഞതിന്‌ ശേഷം ബാക്കിവന്ന മാലിന്യം റോഡരികിൽത്തള്ളി വിവാഹ വീട്ടുകാർ. തള്ളിയ മാലിന്യം വീട്ടുകാരെക്കൊണ്ടുതന്നെ നീക്കംചെയ്യിച്ച് പൊലീസ്. പോത്തുകല്ലിലാണ് സംഭാവം നടന്നത്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിനഴാടുഒവിലാണ് വിവാഹസത്കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചത്. 

പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടിൽ കഴിഞ്ഞ 10-ാം തീയതിയാണ് വിവാഹസത്കാരം നടന്നത്. തുടർന്ന് മാലിന്യങ്ങൾ പ്രധാന റോഡായ സുൽത്താൻപടി -പൂക്കോട്ടുമണ്ണ റോഡിൽ തള്ളുകയായിരുന്നു. മാലിന്യം റോഡരികിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ട പൊലീസ്  തൊട്ടടുത്തദിവസമാണ് അന്വേഷണം ആരംഭിച്ചത്. 

കോവിഡ് കാലത്ത് വിവാഹസത്കാരം സംഘടിപ്പിക്കാൻ മുൻകൂർ അനുമതി തേടണമെന്നതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസിന് ബുദ്ധിമുട്ടേണ്ടിവന്നില്ല. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.

വിവാഹത്തിന് നേരത്തെ അപേക്ഷ നൽകിയവരെക്കുറിച്ച് അന്വേഷിച്ചതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. തുടർന്ന് തങ്ങൾതന്നെ മാലിന്യം നീക്കംചെയ്യാമെന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരുംചേർന്ന് പരിസരം വൃത്തിയാക്കുകയുംചെയ്തിട്ടുണ്ട്.