പോഷക ആഹാരവും വിദ്യാഭ്യാസവും; 560 കുട്ടികളുടെ സംരക്ഷണത്തിനായി സഹകരിച്ച് സച്ചിന്‍

single-img
14 September 2020

ലോക ക്രിക്കറ്റിലെ ഇതിഹാസമായിരുന്ന മുൻ ഇന്ത്യൻ താരവും രാജ്യസഭാ എംപിയുമായ സച്ചിന്‍ പുതിയ ദൗത്യത്തിലേക്ക്. രാജ്യത്തെ നിരാലംബരായ 560 കുട്ടികളുടെ സംരക്ഷണത്തിനായി ‘പരിവാര്‍’ എന്ന പേരുള്ള എന്‍ജിയോയുമായി സഹകരിച്ചുപ്രവർത്തിക്കുകയാണ് സച്ചിൻ. മധ്യപ്രദേശിലുള്ള സേഹോര്‍ ജില്ലയിലെ ഗ്രാമങ്ങളിലെ നിരവധി കുട്ടികളുടെ ഉന്നമനത്തിനായാണ് പരിവാര്‍ എന്ന സംഘടനയോട് സച്ചിന്‍ സഹകരിക്കുന്നത്.

സംസ്ഥാനത്തെ സൊവാനിയ, ബീല്‍പാട്ടി, ഖാപ, നയപുര എന്നിങ്ങനെയുള്ള ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് പോഷക ആഹാരവും വിദ്യാഭ്യാസവും ഈ എന്‍ജിഒ സംഘടന നല്‍കും. അന്താരാഷ്‌ട്ര തലത്തിൽ യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായ സച്ചിന്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി നേരത്തെ തന്നെ എത്തിയിരുന്നു.

ഇതിന്റെ ഭാഗമായി അപ്‌നാലയ എന്ന് പേരുള്ള ഒരു എന്‍ജി വഴി 5000 ആളുകള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാനുള്ള സാമ്പത്തിക സഹായം സച്ചിന്‍ നല്‍കിയിരുന്നു. അതേപോലെ തന്നെ കോവിഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വീതം സച്ചിന്‍ സംഭാവന നൽകുകയും ഉണ്ടായി.

ഇതിനെല്ലാം പുറമെ ധാരാളം കുട്ടികളുടെ വിദ്യാഭ്യാസ,ചികിത്സാ ചിലവുകള്‍ സച്ചിന്‍ ഇപ്പോൾത്തന്നെ വഹിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള വിദ്യാഭ്യാസവും ആരോഗ്യവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനായി വിരമിച്ച ശേഷം എന്‍ജിഒകളോടൊപ്പം സജീവമായിത്തന്നെ സച്ചിന്‍ ഇടപെടലുകൾ നടത്തുന്ന ആളാണ്.