സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തത്: കേന്ദ്ര സര്‍ക്കാർ ഡല്‍ഹി ഹൈക്കോടതിയിൽ

single-img
14 September 2020

സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഹിന്ദു വിവാഹനിയമപ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം മാത്രമേ സാധുവാകൂ എന്ന് അദ്ദേഹം വാദിച്ചു. സ്വവർഗാനുരാഗം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ ആൺ-പെൺ സ്വവർഗാനുരാഗത്തെ കുറ്റകരമല്ലാതാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും തുഷാർ മേത്ത വാദിച്ചു.

എന്നാൽ ലോകമെമ്പാടും നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. സ്വവര്‍ഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങള്‍ കൂടി ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന‍് കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി.

തന്റെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് അയ്യർ മിത്ര എന്നയാൾ നൽകിയ ഹർജ്ജിയിന്മേൽ വാദം നടക്കുമ്പോഴായിരുന്നു സൊളിസിറ്റർ ജനറലിന്റെ വാദം, ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 370 സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എങ്കിലും സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Content Highlights: ‘Our values don’t recognise same-sex marriage’: Centre tells Delhi High Court