ജടായുപാറ പദ്ധതി കാവിവൽക്കരിക്കുന്നുവെന്ന് വ്യാപക പരാതി; ആരോപണം നിഷേധിച്ച് രാജീവ് അഞ്ചൽ, ‘രാമക്ഷേത്രം മോടിപിടിപ്പിക്കൽ തന്റെ ചുമതല’

single-img
14 September 2020

കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതി വിവിധ മതസ്ഥരായ നിക്ഷേപകരിൽ നിന്നും പണം വാങ്ങി പൂർത്തീകരിച്ച ശേഷം കാവിവൽക്കരിക്കാൻ ശ്രമമെന്ന് ആരോപണം. കാവിവൽക്കരണം ചെറുക്കാനിടയുള്ളതിനാൽ തൊടുന്യായങ്ങൾ പറഞ്ഞു നിക്ഷേപകരെ ജെടിപിഎൽ കമ്പനി നടത്തിപ്പിൽ നിന്ന് പുറത്താക്കി എന്നാണ് പരാതി. ആരോപണം രാജീവ് അഞ്ചൽ നിഷേധിച്ചു. പരാതിക്കാർ തന്നെ നഗ്നനാക്കി; രാമക്ഷേത്രം മോടിപിടിപ്പിക്കൽ തന്റെ ചുമതലയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ (ജെടിപിഎൽ) നിക്ഷേപകരാണ് രാജീവ് അഞ്ചലിനെതിരെ രംഗത്ത് വന്നത്. രാജീവ് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാരോപിച്ച് മന്ത്രിമാർക്ക് ഇവർ പരാതിയും നൽകിയിരുന്നു. സംസ്ഥാന ടൂറിസം മേഖലക്ക് കേരള സർക്കാർ ബിഒടി വ്യവസ്ഥയിൽ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്.

‘തങ്ങളെ കൊടും വഞ്ചനയിലൂടെ സംവിധായകൻ കൂടിയായ രാജീവ് അഞ്ചൽ പുറത്തക്കുകയായിരുന്നു. അതിന് പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന്റെ സഹായം രാജീവ് അഞ്ചലിന് ലഭിക്കുന്നു. പദ്ധതിയിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ രാജീവ്‌ അഞ്ചൽ ശ്രമിക്കുന്നുവെന്നാണ് ഒരു നിക്ഷേപകൻ ഇവാർത്തയോട് പ്രതികരിച്ചത്.  

‘ഹിന്ദുവും  ക്രിസ്ത്യാനിയും മുസ്ലീമും അടക്കം 160 ഓളം നിക്ഷേപകരിൽ നിന്നും പണം വാങ്ങിയാണ് ജടായുപാറ പദ്ധതി പൂർത്തീകരിച്ചത്. രാമചന്ദ്രൻ നായർ എന്ന റിട്ടയേർഡ് തഹസിൽദാർ ആണ് സംഘപരിവാർ അജണ്ട നടപ്പാക്കാൻ രാജീവിന് ചുക്കാൻ പിടിക്കുന്നത്. സ്ഥലത്തെ ഇടതുപക്ഷവും വലതുപക്ഷവും അടക്കമുള്ള സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് ഇത്. പദ്ധതി പൂർത്തീകരണത്തിനായി പണം സ്വരൂപിച്ചപ്പോൾ എല്ലാവരും നിക്ഷേപകരായിരുന്നു. പക്ഷെ അവരൊക്കെ ഇപ്പോൾ രാജീവിന് ഹിന്ദുവും  ക്രിസ്ത്യാനിയും മുസ്ലീമും ആയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

‘സംഘപരിവാർ ഒഴികയുള്ള മറ്റു സംഘടനകൾക്ക് പദ്ധതിയിലേക്ക് പ്രവേശനം നിഷേധിച്ച് രാമചന്ദ്രൻ നായരും കൂട്ടരും രാമക്ഷേത്ര നിർമാണം എന്ന നിലയിൽ രാജീവ് അഞ്ചലുമായി ചേർന്ന് അഴിമതികൾ നടത്തുകയാണ്. ജടായുപാറ പദ്ധതി സ്വന്തം വരുതിയിലാക്കി നടത്തുവാനാണ് രാജീവ് അഞ്ചലിന്റെയും കൂട്ടരുടെയും ശ്രമം’- അദ്ദേഹം ആരോപിച്ചു.

‘കമ്പനിയുടെ നടത്തിപ്പ് അവകാശമാണ് താൻ റദ്ദാക്കിയത്. കരാർ ആണ് റദ്ദാക്കിയത്. കാരണം, എംഡി സ്ഥാനത്ത് നിന്നും പരാതിക്കാർ എന്നെ നീക്കി. ഇത് നിയമവിരുദ്ധമാണ്. പരാതിക്കാർ തന്നെ നഗ്നനാക്കിയിരിക്കുകയാണ്. പക്ഷെ കോടതി എനിക്ക് നീതി തരും.’- രാജീവ് അഞ്ചൽ ഇവാർത്തയോട് പറഞ്ഞു.    

രാജീവ്  അഞ്ചലിനെതിരെ നിക്ഷേപകർ മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം ആദ്യവാരം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് പുറമെ ടൂറിസം മന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (ജിബിപിഎൽ) എന്ന കമ്പനിക്ക് 30 വർഷത്തേക്ക് വാടക കരാറിലാണ് പദ്ധതി നൽകിയത്. ജടായുപാറ ടൂറിസം പദ്ധതി സർക്കാരുമായി ചേർന്ന് പൂർത്തിയാക്കാനും നടത്തിപ്പിനുമായി രാജീവ് അഞ്ചലുമായി കരാറിൽ ഏർപ്പെട്ടത് ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎൽ) എന്ന കമ്പനിയായിരുന്നു. എന്നാൽ ഈ കരാർ രാജീവ് അഞ്ചൽ റദ്ദാക്കി. കഴിഞ്ഞ മാർച്ച് 12 നായിരുന്നു അത്.

പ്രവാസി നിക്ഷേപകരാണ് ജെടിപിഎൽ കമ്പനിയിൽ പണം മുടക്കിയത്. രാജീവ് അഞ്ചലും കുടുംബവും നടത്തിയ സാമ്പത്തിക തിരിമറികൾ ജെടിപിഎൽ കണ്ടെത്തിയതിനാലും കാവിവൽക്കരണം തടയുമെന്നതിനാലുമാണ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത് എന്ന് ഇവർ ആരോപിക്കുന്നു. പദ്ധതിയുടെ ശിൽപ്പികൂടിയായ രാജീവ് അഞ്ചലിന്റെയും കുടുംബത്തിന്റെയും പേരിലുളള ആറ് കമ്പനികൾക്ക് എതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഇത് സംബന്ധിച്ച് നിക്ഷേപകർ കേസും നൽകി.

കേസിൽ വാദം കേട്ട കോടതി ഓഗസ്റ് 20ന് ജടായുപാറ ടൂറിസം പദ്ധതിയിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓഹരി നിക്ഷേപങ്ങളായി പണം സ്വീകരിക്കാനോ, ഓഹരി കൈമാറ്റങ്ങൾ നടത്തുവാനോ, പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുവാനോ പാടില്ലെന്ന് ഉത്തരവിട്ടു. അശോക് കുമാർ ബോറയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഈ മാസം അവസാനമാണ് കോടതിയുടെ അടുത്ത സിറ്റിങ്‌.

ഏഴു കോടി മുതൽമുടക്ക് മാത്രം മതിയാകുമെന്ന് പറഞ്ഞു തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 40 കോടിയോളം രൂപ തങ്ങളുടെ കമ്പനിയായ ജെടിപിഎൽ മുടക്കി കഴിഞ്ഞുവെന്ന് പ്രവാസി നിക്ഷേപകർ പറയുന്നു. ഇതിൽ പതിനഞ്ചര കോടി രൂപയുടെ ആസ്തി മൂല്യം രാജീവ് തിരിമറി നടത്തിയിട്ടുണ്ടെന്നും നിക്ഷേപകർ ആരോപിക്കുന്നു.